Connect with us

International

താലിബാന്‍ ഓപറേഷന്റെ പേരില്‍ യു എസ് സൈന്യം നരഹത്യ നടത്തി

Published

|

Last Updated

ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിനരികില്‍ നിന്ന് വിലപിക്കുന്നവര്‍ (ഫയല്‍)

കാബൂള്‍/വാഷിംഗ്ടണ്‍: താലിബാന്‍വിരുദ്ധ ഓപ്പറേഷന്റെ പേരില്‍ നവംബറില്‍ അഫ്ഗാനിസ്ഥാനിലെ കുന്ദുസില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാര്‍. കുട്ടികളക്കം 33 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നതായി യു എസ് സൈനിക അന്വേഷണത്തില്‍ വ്യക്തമായി. ആക്രമണം നടന്നത് താലിബാന്‍ കേന്ദ്രങ്ങളിലായിരുന്നില്ലെന്നും കൊല്ലപ്പെട്ടവര്‍ക്ക് താലിബാനുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. നവംബര്‍ മൂന്നിന് നടന്ന ആക്രമണത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ നാറ്റോ സൈന്യത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ താന്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് യു എസ് സൈന്യത്തിന്റേയും നാറ്റോ ദൗത്യ സേനയുടെയും മേധാവി ജോണ്‍ നിക്കല്‍സണ്‍ വ്യക്തമാക്കി. ഒക്‌ടോബറില്‍ കുന്ദുസില്‍ നാറ്റോ സൈന്യം നടത്തിയ ഓപ്പറേഷന്റെ തുടര്‍ച്ചയായിരുന്നു നവംബറിലെ ആക്രമണം. ഇവിടുത്തെ ശേഷിക്കുന്ന താലിബാന്‍ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയെന്ന പേരിലായിരുന്നു സൈനിക മുന്നേറ്റം. അഫ്ഗാന്‍ സൈന്യത്തിനൊപ്പമായിരുന്നു യു എസ് സൈന്യം ആക്രമണം നടത്തിയതെന്ന് വക്താക്കള്‍ അറിയിച്ചു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടേതടക്കമുള്ള മൃതദേഹങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. സര്‍ക്കാറിനും യു എസ് സൈന്യത്തിനുമെതിരെ കനത്ത പ്രക്ഷോഭമായിരുന്നു സൈനിക ആക്രമണത്തിന് ശേഷം കുന്ദുസില്‍ നടന്നത്. 37 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇവരില്‍ പലരുടെയും നില ഗുരുതരവുമായിരുന്നു. സാധാരണക്കാരുടെ വീടുകളും വാണിജ്യ കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നിരുന്നു.
അതേസമയം, തങ്ങള്‍ ലക്ഷ്യംവെച്ചിരുന്നത് താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയായിരുന്നുവെന്നും ഇവര്‍ സിവിലിയന്‍മാരുടെ കെട്ടിടങ്ങളിലും വീടുകളിലും അഭയം തേടിയതായിരുന്നുവെന്ന ന്യായീകരണവുമായി അഫ്ഗാനിലെ യു എസ് സൈനിക വക്താവ് രംഗത്തെത്തി. സാധാരണക്കാര്‍ക്കെതിരെ താലിബാന്‍ ആക്രമണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സാധാരണക്കാരെ മാത്രം ലക്ഷ്യംവെച്ചായിരന്നു ആക്രമണമെന്നും കൊല്ലപ്പെട്ടവരില്‍ താലിബാന്‍ തീവ്രവാദികള്‍ ഇല്ലായിരുന്നെന്നും ആക്രമണത്തില്‍ ഇരകളായവര്‍ വെളിപ്പെടുത്തി.