സഞ്ജുവിന് താക്കീത്; പിതാവിന് കെ സി എ വിലക്ക്‌

Posted on: January 13, 2017 6:15 am | Last updated: January 13, 2017 at 11:16 am
SHARE

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് കെ സി എ താക്കീത് നല്‍കിയത്. സഞ്ജു തുടര്‍ന്നും തങ്ങളുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കെ സി എ പറഞ്ഞു. അതേസമയം സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥനെ പരിശീലകരെയും കെ സി എ ഭാരവാഹികളെയും ബന്ധപ്പെടുന്നതില്‍ നിന്നും സംഘടന വിലക്കി. പരിശീലന വേദി, കളിസ്ഥലം എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ കയറരുതെന്നും നിര്‍ദേശമുണ്ട്. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് സഞ്ജു മാപ്പ് എഴുതി നല്‍കിയതായും സൂചനയുണ്ട്.

മുംബൈയില്‍ ഗോവക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായ മോശം പെരുമാറ്റമാണ് സഞ്ജുവിനെതിരായ നടപടിക്ക് വഴിവച്ചത്. മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു മത്സരശേഷം ഡ്രസ്സിംഗ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ടു പോവുകയും ചെയ്തുവെന്നാണ് ആരോപണം. രഞ്ജി മത്സരത്തിനിടെ വിവാദമുണ്ടാക്കേണ്ടെന്ന് കരുതി തുടര്‍ന്ന് ഗുവാഹത്തിയില്‍ നടന്ന ആന്ധ്ര പ്രദേശിനെതിരായ മത്സരത്തിലും സഞ്ജുവിനെ കളിപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ ടൂര്‍ണമെന്റിനിടയില്‍ പെട്ടെന്ന് പിന്മാറാനാവില്ലെന്നും കെ സി എ അറിയിച്ചു. നാട്ടിലേക്ക് പോകാന്‍ അനുവദിക്കാത്തതോടെ സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ കെ സി എ പ്രസിഡണ്ടിനെയും സ്റ്റാഫിനെയും വിളിച്ച് മോശമായി സംസാരിച്ചു.
വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ കേരള ക്യാപ്റ്റന്‍ എസ് രമേശ്, മാച്ച് റഫറി രംഗനാഥന്‍, കെ സി എ വൈസ് പ്രസിഡന്റ് അഡ്വ. ടി ആര്‍ ബാലകൃഷ്ണന്‍ അഡ്വ. ശ്രീജിത്ത് എന്നിവര്‍ അംഗങ്ങളായ നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കി. സഞ്ജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കമ്മിറ്റി, എന്നാല്‍ കടുത്ത നടപടികള്‍ വേണ്ടെന്ന് വെക്കുകയായിരുന്നു.രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് 334 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. ഇതില്‍ ജമ്മു കാശ്മീരിനെതിരായ ആദ്യ മത്സരത്തില്‍ 154 റണ്‍സ് നേടി എന്നത് മാത്രമാണ് എടുത്ത് പറയാനുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here