Connect with us

Kannur

കലാമാമാങ്കത്തിന് ഇനി മൂന്ന് നാള്‍; ഉത്സവം പ്രകൃതി സൗഹൃദമാകും

Published

|

Last Updated

കണ്ണൂര്‍: ഏഷ്യയിലെ വലിയ കലാമാമാങ്കമായ കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിയാന്‍ ഇനി മൂന്ന് നാളുകള്‍ ബാക്കി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ണൂരിലേക്കെത്തുന്ന കലോത്സവം പ്രകൃതി സൗഹൃദമാക്കാനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ഉറച്ച തീരുമാനത്തില്‍ ശ്രമങ്ങള്‍ നടത്തുന്നത്. ദേശീയ ഗെയിംസിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി മികച്ച ജില്ലക്കുള്ള പുരസ്‌കാരം കണ്ണൂര്‍ നേടിയിരുന്നു. മികച്ച രീതിയിലുള്ള ഹരിത തിരഞ്ഞെടുപ്പിനും ജില്ലാ കലോത്സവത്തിനും കണ്ണൂര്‍ സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് സംസ്ഥാന കലോത്സവത്തെയും പ്രകൃതി സൗഹൃദമാക്കാന്‍ ശ്രമിക്കുന്നത്. ഒരാഴ്ച നീളുന്ന കലോത്സവത്തിന് ലക്ഷങ്ങളെത്തുമ്പോള്‍ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇതെന്ന് കമ്മിറ്റിയംഗങ്ങള്‍ പറയുന്നു. എന്നാല്‍ കലോത്സവത്തിന് മുന്നോടിയായുള്ള എല്ലാ കാര്യങ്ങളും പച്ചപ്പിലേക്ക് മടങ്ങാം എന്ന സന്ദേശം പകരുന്ന തരത്തിലാണ് കേരള ഉറുദു ടീച്ചേഴസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടപ്പാക്കുന്നത്.
എഴുത്തുകുത്തുകള്‍ക്ക് പ്രോഗ്രാം കമ്മിറ്റിക്ക് 1000 മഷിപ്പേനകള്‍ നല്‍കി. മത്സരാര്‍ഥികള്‍ക്കായി പ്ലാസ്റ്റിക് പൗച്ച് ഉപയോഗിച്ചുള്ള കോഡ് നമ്പര്‍ ഒഴിവാക്കി കാര്‍ഡ് ബോര്‍ഡുകളില്‍ നിര്‍മിച്ചു നല്‍കും. ഓല മെടഞ്ഞ കൂടകളും മറ്റും ഉപയോഗിക്കും. പ്ലാസ്റ്റിക് ബൊക്കെ, അലങ്കാരങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കി. കലോത്സവ വേദിയില്‍ വിശിഷ്ടാതിഥികളെയും മറ്റും സ്വാഗതം ചെയ്യുന്നത് കൈത്തറി ഉത്പന്നമായ ഭംഗിയുള്ള ടവ്വലുകളും പുസ്തകങ്ങളും നല്‍കിയാണ്. പ്രധാന വേദിയിലും മറ്റും സൂചനാ ബോര്‍ഡുകള്‍, പ്ലക്കാര്‍ഡുകള്‍ തുടങ്ങിയവ പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയാണ്.

ഐസ്‌ക്രീം കപ്പുകള്‍, മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍, ഫഌക്‌സുകള്‍, ആശംസകള്‍, ഫോട്ടോകള്‍, തെര്‍മോകോള്‍ എന്നിവയൊക്കെ കര്‍ശനമായി ഒഴിവാക്കണമെന്നാണ് കമ്മിറ്റി നിര്‍ദേശം. വാഴ ഇല, സ്റ്റീല്‍ പ്ലേറ്റുകള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, ചില്ലു ഗ്ലാസുകള്‍, സ്റ്റീല്‍ കപ്പുകള്‍, സ്റ്റീല്‍ ബോട്ടിലുകള്‍, പ്രകൃതി ദത്ത പുഷ്പങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള അലങ്കാരം, പേപ്പര്‍, തുണി, മേറ്റ്, ഓല എന്നിവയെല്ലാമാണ് കലോത്സവത്തിലെത്തുന്നവരെ സ്വീകരിക്കുക. ചണം ഉപയോഗിച്ചുള്ള ഫയലുകളാണ് ഒഫീഷ്യലുകള്‍ക്കും വിധികര്‍ത്താക്കള്‍ക്കും നല്‍കുക.
പ്രധാന വേദിക്കരികെ പ്രകൃതിദത്തമായ വസ്തുക്കളുപയോഗിച്ചുള്ള പവലിയന്‍ നിര്‍മിക്കും. കൂടാതെ കമ്മിറ്റി പരിശീലനം നല്‍കിയ വളണ്ടിയര്‍മാര്‍ പ്ലാസ്റ്റിക്ക് ക്യാരി ബേഗുകള്‍ കൊണ്ടുവരുന്നവരെ നിരീക്ഷിക്കുകയും അത് അലസമായി വലിച്ചെറിയുന്നതിനെ തടയുകയും ചെയ്യും. 200 ഹരിത വളണ്ടിയര്‍മാര്‍ ഓരോ വേദിയും നിരീക്ഷിക്കും. ഡിസ്‌പോസിബിള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ കലോത്സവ നഗരിയില്‍ എത്തുന്നില്ലെന്ന് ഇവര്‍ ഉറപ്പു വരുത്തും. പകരം തുണി സഞ്ചികളും മറ്റും വിതരണം ചെയ്യും. ഇവ വിവിധ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് നല്‍കുന്നത്. വേദികളില്‍ പ്രകൃതി സംരക്ഷണ സന്ദേശ അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ഇന്ന് മൂന്നിന് പൊതു വേദിക്കരികില്‍ കുടുംബശ്രീയുമായി സഹകരിച്ച് വല്ലം നിര്‍മാണ മത്സരവും സംഘടിപ്പിക്കും. ഇതില്‍ ഏവര്‍ക്കും പങ്കെടുക്കാം. കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണും കോര്‍പറേഷന്‍ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ അഡ്വ. ഇന്ദിരയും കണ്‍വീനര്‍ സി പി കെ മുഹമ്മദ് റിയാസും മറ്റു വളണ്ടിയര്‍മാരും ശുചിത്വമിഷനും പ്രകൃതി സൗഹൃദ കലോത്സവമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് രംഗത്തുണ്ട്.

 

Latest