തേജ് ബഹാദൂറിന്റെ പരാതികള്‍

Posted on: January 13, 2017 6:00 am | Last updated: January 13, 2017 at 10:54 am

സൈനിക മേധാവികളുടെ അഴിമതിയുടെ കഥകള്‍ നിരവധി പുറത്തു വന്നതാണ്. കാര്‍ഗിലില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്കും യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും നല്‍കാന്‍ മുംബൈയില്‍ നിര്‍മിച്ച ഫഌറ്റ് അനധികൃതമായി സ്വന്തമാക്കിയവരില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയും ടട്ര ട്രക്കിടപാടില്‍ റിട്ട. ലഫ്.ജനറല്‍ തേജീന്ദര്‍ സിംഗും പ്രതികളാണ്. ഇപ്പോഴിതാ അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണത്തില്‍ സൈനിക മേധാവികള്‍ കൈയിട്ടുവാരുന്നു എന്ന ആക്ഷേപം വന്നിരിക്കുന്നു. കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ബി എസ് എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ആണ് ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.
പ്രതികൂല സാഹചര്യങ്ങളെ വകവെക്കാതെ അതിര്‍ത്തികളില്‍ 11 മണിക്കൂര്‍ ജോലി ചെയ്യുന്ന ജവാന്മാര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് തേജ് ബഹാദൂര്‍ പരാതിപ്പെടുന്നു. ശരിയായി വേവിക്കാത്ത പൊറോട്ടയും ചായയുമാണത്രെ പ്രാതല്‍. പൊറോട്ടയോടൊപ്പം കറിയില്ല. ഉച്ചക്കുളള ഭക്ഷണം മഞ്ഞളും ഉപ്പും മാത്രം ചേര്‍ത്ത പയര്‍. ഇത് കഴിച്ചു ജവാന്മാര്‍ക്ക് ഇത്ര ദീര്‍ഘ നേരം ജോലി ചെയ്യാന്‍ കഴിയുമോ എന്നാണ് ചോദ്യം. പല ദിവസങ്ങളിലും രാത്രി പട്ടിണിയാണ്. നല്ല ഭക്ഷണത്തിനുള്ള വിഭവങ്ങളും തുകയും സര്‍ക്കാര്‍ നല്‍കാതിരിക്കുന്നില്ല. ഉദ്യോഗസ്ഥര്‍ അതെല്ലാം വിറ്റു കാശാക്കുകയാണെന്നും സൈനികരുടെ കൊടുംദുരിതങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സൈനികരുടെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചു ആരോപണം ഉയരുന്നത് ഇതാദ്യമല്ല. മാവോയിസ്റ്റുകളെ പ്രതിരോധിക്കാനായി ഛത്തീസ്ഗഢിലും ബീഹാറിലും വിന്യസിച്ച സി ആര്‍ പി എഫുകാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് മൂന്ന് വര്‍ഷം മുമ്പ് സേനാമേധാവി പ്രാണയ് സഹായ് വ്യക്തമാക്കിയിരുന്നു.
തേജ് ബഹാദൂര്‍ യാദവ് മദ്യപാനിയും സ്ഥിരം പ്രശ്‌നക്കാരനുമാണെന്ന് കുറ്റപ്പെടുത്തി ആരോപണം വ്യാജമാണെന്ന് സ്ഥാപിക്കാന്‍ സൈനിക നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ആക്ഷേപത്തെ ശരിവെക്കുന്ന വിവരങ്ങളാണ് കശ്മീരിലെ ബി എസ് എഫ് ആസ്ഥാനത്തിനു സമീപം താമസിക്കുന്ന നാട്ടുകാരും കച്ചവടക്കാരും നല്‍കിയത്. സൈനികര്‍ക്ക് അനുവദിക്കുന്ന പെട്രോള്‍, ഡീസല്‍, പരിപ്പ്, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവ ഉന്നത ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുകയാണെന്ന് അവര്‍ വെളിപ്പെടുത്തുകയുണ്ടായി. ഹംഹാമയിലെ ബി എസ് എഫ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള കടയുടമകള്‍ക്കും പുറത്തെ ഏജന്റുമാര്‍ക്കും വിപണി വിലയുടെ പകുതിക്കാണ് ഇവ വില്‍ക്കുന്നത്. ഫര്‍ണിച്ചര്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ടത്രേ. കമ്മീഷന്‍ കൈക്കലാക്കാനായി ഗുണമേന്മ പരിഗണിക്കാതെയും ടെന്‍ഡര്‍ ക്ഷണിക്കാതെയുമാണ് ഫര്‍ണിച്ചര്‍ വാങ്ങാറുള്ളതെന്ന് കടക്കാര്‍ പറയുന്നു.

അതിര്‍ത്തികളില്‍ പ്രതികൂലമായ കാലാവസ്ഥക്കും ശത്രുക്കളുടെ ആക്രമണങ്ങള്‍ക്കും മുമ്പിലാണ് ജവാന്മാരുടെ സേവനം. വീട്ടില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും അകന്ന് രാജ്യത്തിന്റെ സുരക്ഷക്കും അഖണ്ഡതക്കും ത്യാഗമനുഷ്ഠിക്കുന്ന അവര്‍ക്ക് മതിയായ സൗകര്യവും കൊള്ളാവുന്ന ഭക്ഷണവും നല്‍കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്. ഭിക്ഷക്കാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നതിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സൈനികര്‍ക്ക് അനുവദിക്കുന്ന വിഭവങ്ങളും തുകയും മോഷ്ടിക്കുന്നവര്‍ മാപ്പര്‍ഹിക്കുന്നില്ല. ഇത്തരം അഴിമതികളും സൈനിക മേധാവികളുടെ മോശം പെരുമാറ്റവും സൈനികര്‍ക്കിടയില്‍ അസംതൃപ്തി വളരാനും കലാപം ഉടലെടുക്കാനും കാരണമായേക്കും. കരസേനയിലെ ജവാനായിരുന്ന കിളിമാനൂര്‍ സ്വദേശി അരുണിന്റെ ആത്മഹത്യയെ ചൊല്ലി ജവാന്മാര്‍ ഓഫീസര്‍മാരുടെ വീടുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത് മറക്കാറായിട്ടില്ല. 2012 ജൂണിലായിരുന്നു സംഭവം. മേലുദ്യോഗസ്ഥനില്‍ നിന്നുള്ള നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. അതേ വര്‍ഷം മെയില്‍ ലഡാക്കിലെ നോമയില്‍ ആര്‍ടിലറി റെജിമെന്റില്‍ സൈനികരും ഓഫീസര്‍മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ടു മേജര്‍മാരും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ക്കിടയില്‍ മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ആഭ്യന്തര സുരക്ഷിതത്വത്തിനുപോലും ഭീഷണി ഉയര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍. തേജ് ബഹാദൂര്‍ യാദവിന്റെ ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുകയും സൈനിക മേഖലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തി ജവാന്മാര്‍ക്ക് മനഃസംതൃപ്തിയോടെ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്.