ഇന്ത്യന്‍ അതൃപ്തി സര്‍വീസ്‌

Posted on: January 13, 2017 5:51 am | Last updated: January 13, 2017 at 10:52 am

ഇത്തവണത്തെ പുതുവര്‍ഷം അതൃപ്തിയിലാണ് തുടങ്ങിയത്. അസഹിഷ്ണുത, അഴിമതി എന്നീ വാക്കുകള്‍ക്ക് ശേഷം അതൃപ്തി. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതിനായി സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു. ഓരോ ഫയലിലും ഓരോ ജീവതമുണ്ടെന്ന് ഓര്‍മിപ്പിച്ചു. ഇപ്പോഴത്തെ ഈ കളിയില്‍ നമുക്ക് തൃപ്തിയില്ലെന്ന് ചുരുക്കം.
പിന്നാലെയെത്തി കാര്‍ഡുമായി തത്ത. പല നിറത്തിലുള്ള കാര്‍ഡ് കാട്ടിയായിരുന്നു വരവ്. ജയരാജനാണ് ആദ്യം തെറിച്ചത്. കുറ്റം ബന്ധുനിയമന അഴിമതി. കൂടെ ശ്രീമതിയുടെ മകനുമുണ്ടായിരുന്നു. ജയരാജന് അതൃപ്തിയായി. സഖാവ് കേന്ദ്രകമ്മിറ്റിയാണ്. ഇങ്ങനെ പുറന്തള്ളുമെന്ന് ആലോചിച്ചില്ല. പിന്നെ മൂളിയും മുരണ്ടും കളിച്ചുനോക്കി. ഇപ്പോഴും പുറത്ത് തന്നെ. വെറും കണ്ണൂര്‍ക്കാരനായി, എം എല്‍ എയായി ഒതുങ്ങിക്കഴിയുന്നു.

ഇപ്പോള്‍ കുറ്റപത്രവുമായി. ഒപ്പം ഐ എ എസുകാര്‍ക്കെതിരെയും തത്ത കാര്‍ഡുമായി വന്നു. ബന്ധുനിയമനവിവാദത്തില്‍ ഉദ്യോഗസ്ഥ പ്രമുഖനെയും പ്രതിയാക്കി. അപ്പോഴാണ് ഹാലിളക്കം തുടങ്ങിയത്. നമ്മളോടും കളിയോ? ഇങ്ങനെ പോയാല്‍ ആരൊക്കെയാണ് പ്രതികളാക്കപ്പെടുകയെന്ന് കണ്ടറിയണം. പഴയ പാമോയിലിന്‍ പോലെയാകും കാര്യങ്ങള്‍. സര്‍വീസില്‍ നിന്ന് പിരിഞ്ഞാലും ബാധ ഒഴിയില്ല. കൂട്ടലീവെടുത്ത് ഒരു കളി കളിച്ചാലോ? പക്ഷേ നടന്നില്ല. പിണറായി കണ്ണുരുട്ടിയപ്പോള്‍ മുട്ടുവിറച്ചു. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നത് പോലെ. അയ്യേ!
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും അതൃപ്തി പടരുകയാണത്രേ. ഭരണത്തിലും മാന്ദ്യമാണെന്ന്. പറയുന്നത് പോലെ നടക്കുന്നില്ല. ഇന്ത്യന്‍ അതൃപ്തി സര്‍വീസ്…
കേരള കാസ്‌ട്രോയുടെ കാര്യവും തഥൈവ. ഭരണം പരിഷ്‌കരിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. അതിനായി അരയും തലയും മുറുക്കി വന്നതാണ്. പക്ഷേ, ഇരിക്കാന്‍ കസേരയില്ല. ഈ വയസുകാലത്ത് ഒന്നിരിക്കാനും സമ്മതിക്കില്ല. കാസ്‌ട്രോയും അതൃപ്തിയിലാണ്. സമ്മേളനഹാളില്‍ ഇരിക്കാതെ പോയതിന് പരസ്യശകാരം കിട്ടിയിട്ടേയുള്ളൂ. ഇനി കസേരയില്ലെന്ന് നാട്ടുകാരറിഞ്ഞതിന്റെ പേരില്‍ ശകാരമോ, സംഹാരമോ?

ഉമ്മന്‍ചാണ്ടിയുടെ കാര്യം തലമുടി പോലെത്തന്നെ. ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. ഇരിക്കാനും കിടക്കാനും ആകുന്നില്ല. ഡി സി സി പുനഃസംഘടന തീരെ പിടിച്ചിട്ടില്ല. ദഹനക്കേടാണ്. അതൃപ്തി തികട്ടിത്തികട്ടി വരികയാണ്. മുന്‍മുഖ്യമന്ത്രിയായിട്ടെന്താ, പല്ലിന് ശൗര്യം പണ്ടേപ്പൊലെ ഫലിക്കുന്നില്ല. പണ്ടിവനൊരു കടിയാലൊരു പുലിയെ…
അതിര്‍ത്തിയില്‍ നിന്നാണ് അടുത്ത വാര്‍ത്ത. കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന്. കിട്ടുന്നതിനോ, ഗുണനിലവാരമില്ലെന്നും. സൈനികന്‍ തന്നെയാണ് മാലോകരെ ഈ വിവരം അറിയിച്ചത്. ദിവസവും 11 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ഇവര്‍ക്ക് വയറുനിറയെ ആഹാരം കിട്ടുന്നില്ലെന്നാണ് പരാതി. ഭക്ഷണം ഉന്നതര്‍ മറിച്ചുവില്‍ക്കുകയാണത്രേ. ഓ, അപ്പോള്‍ അതിര്‍ത്തിയിലുമുണ്ട് അതൃപ്തി.
നമ്മുടെ മുഖ്യമന്ത്രി ചെന്നൈയില്‍ പോയിരുന്നു. ഉച്ചകോടിയില്‍ പ്രസംഗിക്കാനാണ്. ഏതാണ്ട് ഉച്ചയോടടുത്താണ് പിണറായിക്ക് പ്രസംഗിക്കാന്‍ സമയം കിട്ടിയത്. വിഷയം ചില്ലറയല്ല, ലോകം എന്തിന് കേരളത്തില്‍ നിക്ഷേപിക്കണം എന്നതാണ്. ഇപ്പോ വിളിക്കും, വിളിക്കും എന്ന് കരുതി. ഇല്ല വിളി വരുന്നില്ല. മറ്റുള്ള മുഖ്യന്‍മാര്‍ പ്രസംഗിച്ചു തള്ളുകയാണ്. എത്ര സമയമാണ് കാത്തിരിക്കുക? അതൃപ്തി വന്നു നിറഞ്ഞു. അപ്പോള്‍ത്തന്നെ ഇറങ്ങി. അതൃപ്തിയുടെ ഉച്ചകോടി!