ദേശസ്‌നേഹം വെറും ഒരു ജനഗണമനയല്ല

ചക്രവര്‍ത്തി, അല്ലെങ്കില്‍ രാജാവ്, അയാളുടെ അനന്തരാവകാശി, ഇവര്‍ സന്നിഹിതരായിരിക്കുന്ന വേദികളില്‍ സദസ്യര്‍ ഇവരെ പ്രശംസിച്ചുകൊണ്ടും ഇവരോടുള്ള ആദരസൂചകമായും ചില മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുമായിരുന്നു. -മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം- എന്നതുപോലുള്ള കവി വാക്യങ്ങള്‍ ആദ്യത്തെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത്, ആരുടേത് എന്നത് ഇന്നും തര്‍ക്കവിഷയമാണ്. രാജഭക്തിഗാനം തന്നെ ദേശീയഗാനം ആയി അംഗീകരിക്കാന്‍ ചങ്കൂറ്റം കാട്ടിയ ആദ്യത്തെ രാജ്യം ജോര്‍ദാനായിരുന്നു. 1568നും 1572 നും മധ്യേ എഴുതപ്പെട്ടതെന്നു കരുതുന്ന ഡച്ച് നാഷനല്‍ ആന്തം ആണ് തിരിച്ചറിയപ്പെട്ടവയില്‍ ഏറെ പഴക്കം അടയാളപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ ദേശീയ ഗാനരചയിതാവാണ് ആദ്യം ഡച്ചുകാര്‍ തെളിച്ച വഴിയെ സഞ്ചരിച്ചത്. 'ദൈവം രാജാവിനെ രക്ഷിക്കട്ടെ' എന്നു തുടങ്ങുന്ന ഗാനം പിന്നീട് 'ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ' എന്നാക്കി മാറ്റി.
Posted on: January 13, 2017 6:00 am | Last updated: January 13, 2017 at 10:51 am
SHARE

ഇന്ത്യ ക്രമേണ ഒരു ഫെഡറേഷനായി മാറുമെന്നാണ് എന്റെ വിശ്വാസം. ഇന്ത്യക്കാര്‍ എന്നു പറഞ്ഞാല്‍ മലയാളികളാണ്, തമിഴരാണ്, ആന്ധ്രക്കാരാണ്, ബംഗാളികളാണ് (എം ജി എസ് നാരായണന്‍- മാതൃഭൂമി വാരിക 2017 ജനുവരി 1). ശരിയാണ്. ഈ ബോധം വളരുന്ന മുറക്ക് നമ്മുടെ ഭരണഘടനയൊക്കെ മാറ്റി എഴുതേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. നടക്കാനിരിക്കുന്ന അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോഴേക്കും ഈ കാര്യം നമ്മുടെ ദേശീയ കക്ഷികള്‍ക്കു ബോധ്യപ്പെടും. ഇത് മുന്നില്‍ കണ്ടുള്ള ഒരു മുഴം നീട്ടി എറിയലായിരിക്കാം, ദേശീയഗാനം അടിച്ചേല്‍പ്പിക്കലും ദേശീയത എന്ന കപടവികാരം ഇളക്കിവിട്ട് ആളെ പേടിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും ആ കക്ഷിയുടെ കുഴലൂത്തുകാരായ സാക്ഷി മഹാരാജും എ എന്‍ രാധാകൃഷ്ണനും ഒക്കെ നാളേറെയായി പരിശ്രമിക്കുന്നത്. മുസ്‌ലിം സ്ത്രീകള്‍ അധികം പ്രസവിക്കുന്നതാണ് ജനപ്പെരുപ്പത്തിനു കാരണമെന്നാണ് ഒരു കണ്ടെത്തല്‍. തങ്ങള്‍ നിര്‍ദേശിക്കുമ്പോഴൊക്കെ ദേശീയഗാനം പാടാന്‍ തയ്യാറല്ലാത്തവര്‍ രാജ്യം വിട്ടുപോകുന്നതായിരിക്കും നല്ലതെന്നാണ് എ എന്‍ രാധാകൃഷ്ണന്‍ പറയുന്നത്. രാജ്യം ഇയാളുടെ തറവാട്ടുസ്വത്തല്ലേ? പാവം രാധാകൃഷ്ണന്മാര്‍. ബി ജെ പിയില്‍ ചേര്‍ന്ന് കാവി പുതച്ചാല്‍ ആര്‍ക്കും എന്തു വിവരക്കേടും വിളിച്ചുകൂവാനുള്ള ലൈസന്‍സായി എന്നായിരിക്കും കരുതുന്നത്. പ്രജകളുടെ രാജ്യസ്‌നേഹത്തെ ഭരണാധികാരി സംശയിച്ചുതുടങ്ങുമ്പോള്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ബന്ധം ശിഥിലമാകുന്നു. പ്രജാക്ഷേമ തത്പരനായ ശ്രീരാമന്‍ തന്റെ ധര്‍മപത്‌നിയായ സീതയെ അഗ്നിയില്‍ പ്രവേശിപ്പിച്ച് പരീക്ഷിച്ചിട്ടു പോലും സീതാദേവിയുടെ ചാരിത്രശുദ്ധിയില്‍ വിശ്വാസം വന്നില്ല. അതുകൊണ്ടാണല്ലോ സീതാദേവിക്കു നിറവയറുമായി കാടുകയറേണ്ടി വന്നത്. പാവം സീതാദേവി! ആ സീതയുടെ അവസ്ഥയിലാണിപ്പോള്‍ ഇന്ത്യക്കാര്‍. ഇവര്‍ രാജ്യസ്‌നേഹികളാണോ എന്ന കാര്യത്തില്‍ ചിലര്‍ക്കൊക്കെ വല്ലാത്ത സംശയമാണ്. സംശയം ഒരു രോഗമാണ്. ഈ രോഗം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുസ്‌ലിംകളെ സംശയം, കമ്മ്യൂണിസ്റ്റുകാരെ സംശയം, ക്രിസ്ത്യാനികളെ സംശയം!
പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുന്നതും പറയുന്നതുമൊന്നും രാജ്യസ്‌നേഹതത്വങ്ങള്‍ക്കനുകൂലമോ പ്രതികൂലമോ എന്നൊന്നും ആലോചിക്കേണ്ട – ജനഗണമനയിലെ ‘അധിനായകനു’ ജയഹോ വിളിച്ചാല്‍ മതിയെന്നു സാരം.ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഒരു കോടതിവിധി ഒച്ചപ്പാടുകള്‍ക്കു കാരണമായത് ഫിലിം ഫെസ്റ്റിവലിലാണ്. ഫെസ്റ്റിവലില്‍ നാടിന്റെ നാനാഭാഗത്തു നിന്നും പതിവായി എത്തിച്ചേരാറുള്ളത് കൂടുതലും ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുന്ന ബുദ്ധിജീവി ജനുസ്സില്‍പ്പെട്ട ചെറുപ്പക്കാരാണ്. അവരില്‍ ഏറെപ്പേരെയും ഈ വിധി പ്രകോപിപ്പിച്ചെങ്കിലും ചുരുക്കം ചിലരേ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായുള്ളൂ. ദിവസം നാലും അഞ്ചും സിനിമകള്‍ കാണാന്‍ തീയേറ്ററുകളില്‍ നിന്നു തിയേറ്ററുകളിലേക്കു ഓടുന്ന ഡെലിഗേറ്റുകള്‍ക്കു കൂടെക്കൂടെയുള്ള ഈ എഴുന്നേറ്റുനില്‍പ്പ് ഒരു അധികബാധ്യതയായി മാറിയത് സ്വാഭാവികം. നില്‍ക്കാന്‍ വിസമ്മതിച്ചവരെ അറസ്റ്റുചെയ്തു. കേസെടുത്തു. ജാമ്യത്തില്‍ വിട്ടു. പോലീസ് ചെയ്തത് ശരിയാണെന്നു സാംസ്‌കാരിക മന്ത്രിക്കും പറയേണ്ടിവന്നു. പോലീസിന്റെ മനോവീര്യമാണല്ലൊ മന്ത്രിമാര്‍ക്കു മുഖ്യം. അതെങ്ങാനും ചോര്‍ന്നു പോയാല്‍പ്പിന്നെ ആകാശം ഇടിഞ്ഞു വീഴുകയോ അറബിക്കടല്‍ തീരപ്രദേശങ്ങളെ വിഴുങ്ങുകയോ വരെ ചെയ്‌തേക്കാം എന്ന മട്ടിലല്ലേ ഇവിടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. പണ്ട് മന്ത്രിമാരെ കാണുമ്പോള്‍ തലയിലെ തൊപ്പിയൂരിയിരുന്നത് പോലീസായിരുന്നെങ്കില്‍ ഇപ്പോള്‍ പോലീസിനെ കാണുമ്പോള്‍ മന്ത്രി തല കുനിച്ചു പിടിക്കണമെന്നല്ലേ ചിലരുടെ ഒക്കെ മനസ്സിലിരിപ്പ്. അല്ലെങ്കില്‍ ദേശദ്രോഹ കുറ്റത്തിനു കേസെടുക്കല്‍, യു എ പി എ എന്നു വേണ്ട എന്തെല്ലാം കുന്ത്രാണ്ടങ്ങളാണ് രാജ്യം ഭരിച്ചവര്‍ അവരുടെ സ്വയംകൃതാനര്‍ഥങ്ങളെന്ന നിലയില്‍ വരുത്തിവെച്ചിരിക്കുന്നത്. ഫെസ്റ്റിവല്‍ പ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ഡെലിഗേറ്റ് പാസ് പിടിച്ചെടുക്കുകയും ചെയ്ത പോലീസ് നടപടി ശരിയായില്ലെന്നു മേളയുടെ ഡയറക്ടര്‍ കമല്‍ ഒന്നു പറഞ്ഞുപോയി. ഇനി ഇതാവര്‍ത്തിച്ചാല്‍ മേള നിറുത്തിവെക്കുമെന്ന് അദ്ദേഹത്തിനു പറയേണ്ടിവന്നു. അതോടെ ദേശീയ ഗാനസ്‌നേഹികളുടെ രോഷം കമലിനു നേരെ തിരിഞ്ഞു. ദേശീയഗാനത്തോട് അനാദരവ് കാട്ടുന്നതിനെതിരെ എന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം സംഘ്പരിവാറുകാര്‍, നിലത്തിരുന്ന് ദേശീയഗാനം പാടി പ്രതിഷേധിച്ചു. ഷര്‍ട്ടിടാത്തവനെ ആക്ഷേപിക്കാന്‍ മുണ്ടുകൂടി ഉരിഞ്ഞുകളഞ്ഞുകൊണ്ടുള്ള ആക്ഷേപിക്കല്‍. അവര്‍ക്കെതിരെ എന്തുകൊണ്ട് ബെഹ്‌റയുടെ പോലീസ് കേസെടുത്തില്ല? ദേശീയഗാനം – ആര്‍ക്കുവേണമെങ്കിലും എവിടെ എങ്ങനെ വേണമെങ്കിലും പാടാനുള്ളതാണോ? ഇതൊരു ദേശഭക്തിഗാനമോ അതോ പ്രതിഷേധഗാനമോ? ദേശഭക്തിയുടെ കപടലേബല്‍ നെറ്റിയില്‍ ഒട്ടിച്ചുവെച്ചാല്‍പ്പിന്നെ ഏതതിക്രമത്തിനും ലൈസന്‍സായി എന്നാണോ?
ദേശീയഗാനം അഥവാ നാഷനല്‍ആന്തം എല്ലാ കാലത്തും വിവാദവിഷയങ്ങളായിരുന്നു. ഏറെയും വൈകാരികമായ ഇത്തരം ഒരു വിഷയത്തില്‍ ഏകാഭിപ്രായം സ്വരൂപിക്കുക സാധ്യമെന്നു തോന്നുന്നില്ല. ഏതൊരു വിഷയത്തിനും അതിനില്ലാത്ത പ്രാധാന്യം കല്‍പ്പിച്ച് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഒരു ഫാസിസ്റ്റ് തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്. ദേശീയ ഗാനങ്ങളുടെ ചരിത്രം പരിശോധിച്ചു ചെല്ലുന്ന അന്വേഷകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന വിവരങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ഏതെങ്കിലും ഒരു ചക്രവര്‍ത്തി, അല്ലെങ്കില്‍ രാജാവ്, അയാളുടെ അനന്തരാവകാശി, ഇവര്‍ സന്നിഹിതരായിരിക്കുന്ന പൊതുസമ്മേളന വേദികളില്‍ സദസ്യര്‍ ഇവരെ പ്രശംസിച്ചുകൊണ്ടും ഇവരോടുള്ള ആദരസൂചകമായും ചില മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുമായിരുന്നു. -മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം- എന്നതുപോലുള്ള കവി വാക്യങ്ങള്‍ ആദ്യത്തെ ദേശീയഗാനമായി അംഗീകരിക്കപ്പെട്ടു. പട്ടും വളയും, ഒന്നേകാലും കോപ്പും പോലുള്ള ആനുകൂല്യങ്ങള്‍ക്കായി രാജസന്നിധിയില്‍ ക്യൂ നിന്നിരുന്ന കവികള്‍ ഇത്തരം കാവ്യസൂക്തങ്ങള്‍ നീട്ടിയും പരത്തിയും വലിച്ചും നീട്ടിയും കര്‍ണാനന്ദപ്രദമായ ദേശീയഗാനങ്ങള്‍ രചിച്ചു.

ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത്, ആരുടേത് എന്നത് ഇന്നും തര്‍ക്കവിഷയമാണ്. രാജഭക്തിഗാനം തന്നെ ദേശീയഗാനം ആയി അംഗീകരിക്കാന്‍ ചങ്കൂറ്റം കാട്ടിയ ആദ്യത്തെ രാജ്യം ജോര്‍ദാനായിരുന്നു. 1568 നും 1572 നും മധ്യേ എഴുതപ്പെട്ടതെന്നു കരുതുന്ന ഡച്ച് നാഷനല്‍ ആന്തം ആണ് തിരിച്ചറിയപ്പെട്ടവയില്‍ ഏറെ പഴക്കം അടയാളപ്പെടുത്തിയിട്ടുള്ളത്. ജപ്പാന്‍കാരുടെ ദേശീയഗാനത്തിനു ചിലര്‍ ഇതിലും പഴക്കം അവകാശപ്പെടുന്നു. യൂറോപ്പിലെ ദേശീയ ഗാനത്തിനു മാതൃകയായത് ഡച്ച് ദേശീയഗാനം തന്നെയായിരുന്നു. ബ്രിട്ടീഷുകാരുടെ ദേശീയ ഗാനരചയിതാവാണ് ആദ്യം ഡച്ചുകാര്‍ തെളിച്ച വഴിയെ സഞ്ചരിച്ചത്. ദൈവം രാജാവിനെ രക്ഷിക്കട്ടെ (God save the king) എന്നു തുടങ്ങുന്ന ഗാനം പിന്നീട് ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ (God save the queen) എന്നാക്കി മാറ്റി. ഇതേ ചുവടു പിടിച്ച് ഫ്രഞ്ചുകാര്‍ ഒരു ദേശീയഗാനം രൂപപ്പെടുത്തിയത് 1792ല്‍ ആയിരുന്നു. 1795ല്‍ ഇതിനു ഔദ്യോഗിക അംഗീകാരം ലഭിച്ചു.

ദേശീയ ഗാനങ്ങള്‍ നാട്ടിലെ സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ലളിതമായ ഭാഷാപദങ്ങള്‍ സന്നിവേശിപ്പിച്ചായിരിക്കണം രചിക്കപ്പെടേണ്ടത് എന്ന പൊതുധാരണ എല്ലാ രാജ്യക്കാരും പാലിച്ചുകാണുന്നുണ്ട്. വിവിധ പ്രാദേശികപ്രവിശ്യകളില്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ജനപഥങ്ങളുടെ കൂട്ടുകെട്ടായി നിലവില്‍ വന്ന രാജ്യങ്ങളില്‍ ഇതത്ര എളുപ്പമായിരുന്നില്ല. അതിനു കവികള്‍ കണ്ടുപിടിച്ച പോംവഴി, രാജ്യത്തെ പ്രധാന ഭാഷയില്‍ എഴുതപ്പെട്ട ഗീതം, രാജ്യത്തെ മറ്റു ഭാഷകളിലേക്കു കൂടി മൊഴിമാറ്റം വരുത്തി ആലപിക്കുക എന്നതായിരുന്നു. പ്രായോഗിക സൗകര്യങ്ങള്‍ കണക്കിലെടുത്ത് സുപ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍സകള്‍ പ്രാദേശിക ഭാഷകളിലേക്കു മൊഴിമാറ്റം നടത്തി ആലപിക്കുന്ന സമ്പ്രദായവും നടപ്പിലായി. ഉദാഹരണത്തിനു സ്വിറ്റ്‌സര്‍ലന്‍ഡുകാരുടെ ദേശീയഗാനത്തില്‍ അവരുടെ ഔദ്യോഗിക ഭാഷകളായ ഫ്രഞ്ച്, ജര്‍മ്മനി, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നിവക്കും പ്രാതിനിധ്യം നല്‍കിയിരിക്കുന്നു. ന്യൂസിലാന്‍ഡുകാര്‍ അവരുടെ ദേശീയഗാനത്തില്‍ ദൈവം ന്യൂസിലാന്‍ഡിനെ രക്ഷിക്കട്ടെ എന്ന് പ്രാദേശിക ഭാഷയായ മാവോറിയില്‍ ആദ്യവും പിന്നെ ഇംഗ്ലീഷിലും ഉച്ചരിക്കുന്നു. ആഫ്രിക്കക്കാര്‍ അവരുടെ ദേശീയഗാനത്തിന്റെ ഓരോ സ്റ്റാന്‍സാ വീതം അവരുടെ 11 ഔദ്യോഗിക ഭാഷകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എല്ലാ ദേശീയഗാനങ്ങളും രചിക്കപ്പെട്ടതിനു പിന്നില്‍ ഒരോ ചരിത്രം ഉണ്ട്. ആ നിലക്കു ഇന്ത്യയുടെ ദേശീയഗാനം രചിക്കപ്പെട്ടതിന്റെ പശ്ചാത്തലവും രചിച്ച കവിയുടെ മനസ്സിലിരിപ്പും കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും.

മഹാനായ ഗുരുദേവ രബീന്ദ്ര നാഥടാഗോറാണ് ഈ ഗാനത്തിന്റെ രചയിതാവ്. മൂലഭാഷ ബംഗാളിയാണെങ്കിലും ഇന്ത്യയുടെ ഏത് കോണിലുള്ളവരായാല്‍ പോലും പ്രഥമിക ഭാഷാജ്ഞാനം നേടിയിട്ടുള്ളവര്‍ക്കു അര്‍ഥം ഗ്രഹിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ലളിത പദങ്ങളാണ് ഗാനത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. പക്ഷേ, കേട്ടമാത്രയില്‍ ജനങ്ങളുടെ മനസ്സില്‍ രാജ്യസ്‌നേഹം എന്ന വികാരം സൃഷ്ടിക്കാന്‍ പാകത്തില്‍ എന്താണീ ഗാനത്തിലുള്ളതെന്നു മനസ്സിലാകുന്നില്ല. ടാഗോര്‍ ഒരര്‍ഥത്തിലും അന്ധനായ ഒരു ദേശീയവാദിയായിരുന്നില്ല. ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ വരുത്തിയ ഗുണപരമായ പരിവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.
ടാഗോറിന്റെ സാര്‍വലൗകികമായ കാഴ്ചപ്പാടും കലാസാഹിത്യദര്‍ശനങ്ങളും അക്കാലത്തെ ഏതൊരു പാശ്ചാത്യ ബുദ്ധിജീവിയുടേതിനെക്കാളും എത്രയോ മുമ്പിലായിരുന്നു. ബ്രിട്ടീഷ് ചക്രവര്‍ത്തി അദ്ദേഹത്തിനു സര്‍ ബഹുമതി നല്‍കി ആദരിക്കുക കൂടി ചെയ്തു. ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്‍ കല്‍ക്കട്ടയില്‍ വിമാനമിറങ്ങുമ്പോള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിലേക്കു ഒരു സ്വാഗതഗാനം എഴുതി ചിട്ടപ്പെടുത്താന്‍ ആ ചടങ്ങിന്റെ സംഘാടകര്‍ ടാഗോറിനെ ചുമതലപ്പെടുത്തുകയായിരുന്നു. ടാഗോര്‍ ആ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. അതാണ് ഇന്നു നമ്മള്‍ ആലപിച്ചുപോരുന്ന ‘ജനഗണമന അധിനായക ജയഹേ’. ജനഗണമന അധിനായകനായി ഇതുപ്രകാരം വിരാചിക്കുന്നത് ബ്രിട്ടീഷ് ചക്രവര്‍ത്തിയാണ്. പഞ്ചാബ് സിന്ധു ഗുജറാത്ത് മറാഠ തുടങ്ങിയ ഇന്ത്യയുടെ എല്ലാ സുപ്രധാന ഭൂപ്രദേശങ്ങളും ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിനു ശുഭാശംസകള്‍ നേരുകയും ചെയ്യുന്നു എന്നാണ് ദേശീയ ഗാനത്തിന്റെ ചുരുക്കത്തിലുള്ള അര്‍ഥം. ഇത്തരം ഒരു ഗാനത്തില്‍ രാജ്യസ്‌നേഹം ഉദ്ദീപിപ്പിക്കാന്‍ പര്യാപ്തമായ എന്ത് ഘടകങ്ങളാണുള്ളതെന്ന കാര്യം ഇനിയും വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. മാത്രമല്ല, ഇന്ത്യയുടെ അഭിവാജ്യഘടകം എന്ന് നാം പറയുന്ന ജമ്മു കാശ്മീരിനെ പരാമര്‍ശിക്കുന്ന ഒരു സൂചന പോലും ഈ ഗാനത്തിന്റെ എവിടെയും നമുക്കു കണ്ടെത്താനാകുന്നില്ല.
ജനഗണമന ദേശീയഗാനമായി സ്വീകരിക്കപ്പെട്ടതിന്റെ പേരില്‍ ഏറെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരായിരുന്നു ഹിന്ദുത്വ സംഘടനകള്‍. ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ ആനന്ദമഠം നോവലില്‍ നല്‍കിയിട്ടുള്ള വന്ദേമാതരം എന്ന പ്രാര്‍ഥനാഗാനം ദേശീയഗാനമായി അംഗീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതില്‍ ഹിന്ദുമത സംബന്ധിയായ മാതൃപൂജയുടെ അംശങ്ങള്‍ കൂടുതലാണെന്ന കാരണത്താല്‍ അതിന്റെ ഉള്ളടക്കം ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരസങ്കത്പത്തിനു ഭീഷണിയാകും എന്ന നിഗമനം മുന്‍നിര്‍ത്തി ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതം ആയും ജനഗണമന ദേശീയഗാനമായും അംഗീകരിക്കപ്പെടുകയായിരുന്നു. ഈ രണ്ടിലേതായാലും ഇതിനെച്ചൊല്ലിയുള്ള വൈകാരികമായ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമം അപലപനീയമാണ്.

ദേശീയഗാനം പാടാത്തവരും പാടുമ്പോള്‍ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റുനില്‍ക്കാത്തവരുമെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തി ആളാകാനുള്ള പോലീസിന്റെ പരിശ്രമം മുളയിലേ നുള്ളിക്കളയേണ്ടതാണ്. രാജ്യത്തിന്റെ പൊതുവായ ദേശീയാഘോഷവേളകളില്‍, പ്രസിഡന്റോ പ്രധാനമന്ത്രിയോ പോലുള്ള സമുന്നത നേതൃത്വങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇവയില്‍ മാത്രമായി ദേശീയഗാനാലാപനം പരിമിതപ്പെടുത്തുന്നപക്ഷം ദേശീയഗാനത്തിന്റെ അന്തസ്സുയരുകയും ദേശസ്‌നേഹത്തെ വെറും ഒരു വികാരമായി കാണാതെ അവരുടെ ആര്‍ജിത വിവേകത്തിന്റെ ഭാഗമായി ദേശവാസികള്‍ പ്രകടിപ്പിക്കുകയും ചെയ്യും. കോടതികള്‍ക്കും മറ്റും വേറെ എന്തെല്ലാം വിഷയങ്ങള്‍ കിടക്കുന്നു. ദേശസ്‌നേഹത്തെ കേവലം ചില പ്രതീകങ്ങളുടെ പട്ടികയിലേക്കു വെട്ടിച്ചുരുക്കുന്നത് ഒട്ടും തന്നെ ആശാസ്യമായ ഒന്നല്ല.

LEAVE A REPLY

Please enter your comment!
Please enter your name here