മെർസ് : സഊദിയിൽ ഒരു മരണം, മറ്റു മൂന്നു പേർക്ക് സ്ഥിരീകരിച്ചു

Posted on: January 13, 2017 10:36 am | Last updated: January 13, 2017 at 10:36 am

ദമ്മാം: മെർസ് വൈറസ് ബാധമൂലം സഊദിയിലെ ബുറൈദയിൽ ഒരു മരണം. ജിദ്ദ, ഹുഫൂഫ്, അൽ ഖസീം എന്നിവിടങ്ങളിൽ മറ്റു മൂന്നു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 73 വയസ്സുള്ള സ്വദേശി വനിതയാണ് മരിച്ചത്.  2012 ജൂലൈ മുതൽ സഊദിയിൽ 1,531 പേർക്ക് മെർസ് വൈറസ് സ്ഥിരീകരിച്ചതായി കണക്കുകൾ പറയുന്നു. അതിൽ 636 പേർ മരണത്തിനു കീഴടങ്ങി. 883 പേരുടേത് ഭേദപ്പെട്ടു. 12 പേർ നിലവിൽ ചികിൽസയിലാണ്.

അൽ ഖസീമിലെ രോഗി തീവ്ര പരിചരണ വിഭാഗത്തിലാണെന്ന് ഡൊക്ടർ മാർ അറിയിച്ചു. ലംഗ്സിനും ശ്വാസ കോശത്തിനുമാണ് മെർസ് ബാധിക്കുക. പനിയും കഫക്കെട്ടും ശ്വാസതടസ്സവുമാണ് ഇതിന്റെ രോഗലക്ഷണം. മെർസ് കണ്ടെത്തിയ പത്ത് പേരിൽ നാലു പേര് മരണമടയുന്നതായി അധികൃതർ പറഞ്ഞു. ആരോഗ്യ മന്ത്രാലയം ഡിസംബറിൽ നടത്തിയ സർവേയിൽ 160 ഒട്ടകങ്ങളിലും മെർസ് വൈറസ് കണ്ടെത്തിയിരുന്നു. ഒട്ടകങ്ങളിൽ നിന്ന് അകലം പാലിക്കാനും തോട്ടങ്ങളിൽ പണിയെടുക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ മിഡിൽഈസ്റ്റിലും ആഫ്രിക്കൻ രാജ്യങ്ങളിൽ ഒട്ടകങ്ങളിൽ മെർസ് ബാധ കണ്ടെത്തിയിട്ടുണ്ട്.