ഇന്ത്യൻ പതാകയുടെ നിറത്തിൽ ഡോർമാറ്റ്; ആമസോൺ മാപ്പ് പറഞ്ഞു

Posted on: January 12, 2017 10:20 pm | Last updated: January 12, 2017 at 10:24 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഡോര്‍മാറ്റ് വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രമുഖ ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ ആമസോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വാരാജ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സുഷമാ സ്വരാജിന് അയച്ച കത്തിലാണ് ആമസോണ്‍ നിരുപാധികം മാപ്പ് പറഞ്ഞത്.

അതുല്‍ ബോബ് എന്നയാളാണ് പ്രശ്‌നം ചൂണ്ടിക്കാട്ടി സുഷമ സ്വരാജിന് ഇന്നലെ ട്വീറ്റ് ചെയ്തത്. ആമസോണിന്റെ കാനഡ വെബ്‌സൈറ്റിലാണ് വിവാദ ഡോര്‍മാറ്റ് വില്‍പ്പനക്ക് വെച്ചിരുന്നത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട സുഷമാ സ്വരാജ് ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടുകയും കര്‍ശന നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുകയുമായിരുന്നു.

ഇന്ത്യക്കാരെ വേദനിപ്പിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ ആമസോണ്‍ മുമ്പും വില്‍പ്പനക്ക് എത്തിച്ചിട്ടുണ്ട്. ഹിന്ദു ദേവതകളുടെ ചിത്രങ്ങളോട് കൂടിയ ഡോര്‍ മാറ്റുകള്‍ കഴിഞ്ഞ വര്‍ഷം വില്‍പനക്ക് വെച്ചത് വിവാദമായിരുന്നു. 2014ല്‍ ഹൈന്ദവ ദേവതകളുടെ ചിത്രത്തോട് കൂടിയ ലെഗ്ഗിന്‍സും ആമസോന്‍ വില്‍പ്പനക്ക് വെച്ചിരുന്നു.