ഹജ്ജ് സര്‍വ്വീസ് ഈ വര്‍ഷവും കരിപ്പൂരില്‍ ഇല്ലെന്ന്; 19 ന് കോഴിക്കോട്ട് ഹാജിമാരുടെ പ്രതിഷേധം

Posted on: January 12, 2017 9:03 pm | Last updated: January 12, 2017 at 9:03 pm
SHARE

ജിദ്ദ /കോഴിക്കോട്: ഹജ്ജ് എംബാര്‍ക്കേഷന്‍ സെന്ററുകളുടെ ലിസ്റ്റില്‍ ഇക്കുറിയും കരിപ്പൂര്‍ ഉള്‍പ്പെടില്ലെന്ന് സൂചന. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ബുധനാഴ്ച ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഹജ്ജ് കരാറില്‍ ഒപ്പു വെക്കാനായി എത്തിയതായിരുന്നു അദ്ദേഹം. അതേസമയം, എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ ലിസ്റ്റ് അന്തിമമായിട്ടില്ലെന്നും കരിപ്പൂരിനുള്ള സാധ്യത ഇനിയും അവശേഷിക്കുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂരിലെ റീസ്‌ട്രെങ്തനിംഗ് കഴിഞ്ഞ റണ്‍വെ പരിശോധനക്കെത്തിയ ഡിജിസിഎ ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുന്നേയുള്ളൂ. അത് ലഭിച്ച ശേഷം ഈ മാസം 25 ന് ശേഷമേ കരിപ്പൂരിനെ എംബാര്‍ക്കേഷന്‍ പോയിന്റായി അംഗീകരിക്കുമോ ഇല്ലയോ എന്ന് തീര്‍ച്ചപ്പെടുത്തുകയുള്ളൂ.

കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് സര്‍വ്വീസ് ഉണ്ടാകില്ലെന്ന സൂചന ലഭിച്ചതോടെ വന്‍ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്. കരിപ്പൂരിനോടുള്ള അവഗണന തുടരുന്ന പക്ഷം വന്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡണ്ട് കെ എം ബശീര്‍ പറഞ്ഞു. ജനുവരി 19 ന് കോഴിക്കോട്ട് ഹാജിമാരുടെ പ്രതിഷേധ കൂട്ടായ്മ നടത്തുമെന്ന് എംഡിഎഫ് ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ സമരത്തിന് വിവിധ മത, സാംസ്‌കാരിക സംഘടനകളുടെ പിന്തുണയുണ്ടെന്നും ഹാജിമാര്‍ക്ക് പിന്തുണ നല്‍കി ബഹുജനങ്ങളും പ്രതിഷേധ സമരത്തിനെത്തുമെന്നും അവര്‍ പറഞ്ഞു.

കരിപ്പൂരിനോടുള്ള ചിറ്റമ്മ നയത്തില്‍ പ്രവാസ ലോകത്തും പ്രതിഷേധം കത്തുകയാണ്. അടുത്ത ഹജ്ജ് സര്‍വ്വീസ് കരിപ്പൂര് നിന്നുണ്ടാകുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഇക്കാര്യത്തില്‍ വ്യോമയാന വകുപ്പില്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ മലബാറില്‍ നിന്നുള്ള എംപി മാരും, കേരളാ ഗവണ്‍മെന്റും വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്ന ആക്ഷേപം വ്യാപകമായി നിലനില്‍ക്കുന്നു. പ്രമുഖ രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്.

കരിപ്പൂരിന് ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിച്ചു കിട്ടുന്നതിന്, ഇനിയുള്ള ദിവസങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. എല്ലാ തലങ്ങളില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ ചെല്ലുന്ന പക്ഷം എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നു തന്നെ കരുതപ്പെടുന്നു. റണ്‍വെയുടെ ബലപ്പെടുത്തല്‍ ജോലികള്‍ തീര്‍ന്ന സ്ഥിതിക്ക് ബോയിങ് 747, 777, 787, എയര്‍ബസ് 330 തുടങ്ങിയ വൈഡ് ബോഡി വിമാനങ്ങള്‍ ഇറങ്ങുന്നതിന് യാതൊരു തടസ്സവും സാങ്കേതികമായി ഉന്നയിക്കേണ്ടതില്ല. ഹജ്ജ് സര്‍വ്വീസ് തുടങ്ങുന്നതിന് ജംബോ വിമാനങ്ങള്‍ക്കുള്ള അനുമതി കിട്ടാതെ തരമില്ല. കോഡ്-ഇ യില്‍ പെട്ട വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി താല്‍ക്കാലികമായി ലഭിച്ചാലും മതി എന്നിരിക്കെ ഇനിയും കരിപ്പൂരിനെ അവഗണിക്കുക യാണെങ്കില്‍, അത് ഉന്നതങ്ങളിലുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയാണെന്ന ആരോപണത്തിന് ബലം നല്‍കുകയേ ഉള്ളൂ.

മലബാറിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രായംചെന്ന രോഗികളായ ഹജ്ജു തീര്‍ത്ഥാടകര്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡു മാര്‍ഗ്ഗം കൊച്ചിയിലെത്തിയത്. അടുത്ത ഹജ്ജിനെങ്കിലും കരിപ്പൂര്‍ തുറന്നു കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു എല്ലാവരും.

LEAVE A REPLY

Please enter your comment!
Please enter your name here