ഖത്വറില്‍ വ്യാജ പ്രമോഷനുകള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന

Posted on: January 12, 2017 5:20 pm | Last updated: January 12, 2017 at 5:21 pm
SHARE
വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഷോപ്പ് ഖത്വര്‍ ഫെസ്റ്റിവല്‍ സ്റ്റാളുകളില്‍
പരിശോധന നടത്തുന്നു

ദോഹ: വ്യാജ പ്രമോഷനുകള്‍ പിടികൂടുന്നതിന് ഷോപ്പുകളില്‍ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കി. കഴിഞ്ഞയാഴ്ച മാള്‍ ഓഫ് ഖത്വറില്‍ ഷോപ്പ് ഖത്വര്‍ ഫെസ്റ്റിവല്‍ ആരംഭിച്ചതോടെയാണിത്. തട്ടിപ്പ് നടത്തുന്ന ഷോപ്പുകളെ പിടികൂടുന്നതിന് എല്ലാ വാണിജ്യ സമുച്ഛയങ്ങളിലും പരിശോധന ശക്തമാക്കിയതായി മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇളവുകളും പ്രമോഷനുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

വിപണിയിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക, നിയമലംഘനം കണ്ടെത്തുക, വില നിയന്ത്രിക്കുക, പ്രത്യേകിച്ച് ഷോപ്പ് ഖത്വര്‍ ഫെസ്റ്റിവലിന്റെ സമയത്തെ പ്രമൊഷനുകള്‍ നിരീക്ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ഫെസ്റ്റിവലില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തരത്തിലുള്ള മൂന്ന് നിയമലംഘനങ്ങള്‍ കണ്ടെത്തി.
വില അറിയിക്കാത്തതും പ്രമോഷന്‍ ലൈസന്‍സ് കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതുമാണ് നിയമലംഘനങ്ങള്‍. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്ന ഷോപ്പുകള്‍ക്ക് അയ്യായിരം റിയാല്‍ വരെ പിഴ ലഭിക്കും. ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ ഷോപ്പുകളും ഫെസ്റ്റിവലിന്റെ ഡിസൈനും ലോഗോയും ഉപയോഗിക്കണം.

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകളില്‍ പ്രമോഷനും ഓഫറുകളും കാണിക്കണം. മന്ത്രാലയത്തില്‍ നിന്ന് പ്രമോഷന്‍ അനുമതി ഷോപ്പിന് ലഭിച്ചിട്ടുണ്ടെന്ന് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മനസ്സിലാകും. പ്രമോഷന്‍ അനുമതി ലഭിച്ച ഷോപ്പുകള്‍ യഥാര്‍ഥ ഡിസ്‌കൗണ്ടുകളാണ് നല്‍കേണ്ടത്.
വ്യാജവും തെറ്റുദ്ധരിപ്പിക്കുന്നതുമായ ഓഫറുകള്‍ നല്‍കുകയോ ഉപഭോക്താക്കളുടെ താത്പര്യത്തിന് വിരുദ്ധമായ മറ്റ് പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടരുത്. പ്രമോഷന്‍ പ്രഖ്യാപിച്ചതിന് മുമ്പും ശേഷവുമുള്ള വിലയെ സംബന്ധിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം. ഇളവുകളുടെ ശതമാനവും യഥാര്‍ഥ വിലയും ഇളവും അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here