ഇന്ത്യന്‍ സ്ഥാനപതി ശൈഖ് മുഹമ്മദിന് അധികാര പത്രം കൈമാറി

Posted on: January 12, 2017 5:03 pm | Last updated: January 12, 2017 at 5:03 pm
ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും,ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് അധികാരപത്രം കൈമാറാനെത്തിയപ്പോള്‍

അബുദാബി: ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിഗ് സൂരി, സിംഗപ്പൂര്‍ സ്ഥാനപതി സാമുവല്‍ ടാന്‍ എന്നിവര്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും,ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് അധികാര പത്രം കൈമാറി.
ഇരുവരേയും ശൈഖ് മുഹമ്മദ് സ്വാഗതം ചെയ്യുകയും സേവനത്തില്‍ വിജയമാശംസിക്കുകയും ചെയ്തു . ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയും സിംഗപ്പൂരും യു എ ഇ യുമായി വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും വര്‍ധിപ്പിച്ചാല്‍ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് പ്രയോജനംചെയ്യുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ഇബ്‌റാഹീം അല്‍ ഹാശിമി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.