മന്ത്രി ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി

Posted on: January 12, 2017 4:55 pm | Last updated: January 14, 2017 at 11:30 pm
SHARE
എട്ടാമത് വൈബ്രന്റ് ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ യു എ ഇ സഹമന്ത്രി
ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും

അബുദാബി: യു എ ഇ സഹമന്ത്രി ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നടക്കുന്ന എട്ടാമത് വൈബ്രന്റ് ആഗോള സാമ്പത്തിക ഉച്ചകോടിയിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും യു എ ഇയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനും ഉഭയകക്ഷി-വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ ദൃഢമാക്കുന്നതുമാണ് ഇരുവരും ചര്‍ച്ചചെയ്തത്. അടിസ്ഥാനസൗകര്യം, ഊര്‍ജം, വിനോദസഞ്ചാര മേഖല എന്നീ മേഖലകളില്‍ സാമ്പത്തിക നിക്ഷേപം വര്‍ധിപ്പിക്കാനും, ശക്തിപ്പെടുത്താനുമുള്ള വഴികളും ഇരുവരും ചര്‍ച്ചചെയ്തു. യു എ ഇ സമ്പത്തികകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ സാലിഹ്, ഇന്ത്യന്‍ യു എ ഇ സ്ഥാനപതി ഡോ. അഹ്മദ് അല്‍ ബന്ന തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ റിപ്പബ്ലിക്ക് ദിനാശംസ ഡോ. റാശിദ് അഹ്മദ് ബിന്‍ ഫഹദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടിയില്‍ യു എ ഇയുടെ പങ്കാളിത്തം പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
ഇന്ത്യയും യു എ ഇയുമായുള്ള വാണിജ്യ, സാമ്പത്തിക സഹകരണം അനുദിനം ശക്തമായിവരികയാണ്. അഞ്ചു വര്‍ഷത്തിനിടെ ഉഭയകക്ഷി വ്യാപാരം അറുപത് ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ റെയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയിലും മറ്റ് അടിസ്ഥാന സൗകര്യ വികസന മേഖലകളിലും യു എ ഇക്ക് ഏറെ നിക്ഷേപ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ലോജിസ്റ്റിക് സേവനങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖനിര്‍മാണങ്ങള്‍, വിനോദ സഞ്ചാര മേഖല തുടങ്ങിയ പദ്ധതികളിലാണ് യു എ ഇ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. യു എ ഇ കമ്പനികള്‍ക്ക് ഈ മേഖലകളിലെ അന്താരാഷ്ട്ര അനുഭവങ്ങള്‍ വളരെ വിജയകരവും കാര്യക്ഷമവുമാകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഗോവ-മുംബൈ-ഗുജറാത്ത്-ദുബൈ സര്‍ക്യൂട്ടില്‍ ക്രൂസ് ടൂറിസത്തിന് ഏറെ സാധ്യതകളുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിന ചടങ്ങില്‍ മുഖ്യാതിഥിയായി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എത്തുമ്പോള്‍ ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാകുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here