Connect with us

Malappuram

ധര്‍മ പോരാളികളെ വരവേല്‍ക്കാനൊരുങ്ങി വാഗണ്‍ ശുഹദാക്കളുടെ മണ്ണ്

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് സ്വാഗതമോതി തിരൂര്‍ നഗരത്തില്‍ സ്ഥാപിച്ച കമാനം

തിരൂര്‍: ചരിത്ര പ്രസിദ്ധമായ വാഗണ്‍ ശുഹദാക്കളുടെ മണ്ണ് ധര്‍മ പോരാളികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് നാള്‍ നീണ്ടു നില്‍ക്കുന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് തിരൂര്‍. “ഒത്തു തീര്‍പ്പല്ല നീതിയുടെ തീര്‍പ്പുകളാവാന്‍” എന്ന പ്രമേയത്തില്‍ ഈ മാസം 14, 15 തീയതികളില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനം കുറ്റമറ്റതാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.
സമ്മേളനമടുത്തതോടെ പ്രകടനങ്ങളും പ്രചാരണങ്ങളും ശക്തമാക്കി തെരുവോരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. 2006 ല്‍ നടന്ന മലപ്പുറം ജില്ലാ സമ്മേളനം മദീനാ മഖ്ദൂമിന് പത്ത് വര്‍ഷം തികയുമ്പോള്‍ തിരൂരില്‍ വീണ്ടും സംസ്ഥാന സമ്മേളനം എത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സമ്മേളനത്തിന്റെ ഭാഗമായി യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ ഘടകങ്ങളില്‍ ഭാരവാഹി പ്രകടനം, പദ യാത്ര, സന്ദേശ യാത്ര, എഴുത്തു മേള, മൈല്‍സ് ടു ഗോ, ഒരുക്കം ക്യാമ്പ് എന്നീ പരിപാടികള്‍ നടന്നു വരികയാണ്. കൗണ്‍സില്‍, പ്രതിനിധി സമ്മേളനം, വിദ്യാര്‍ഥി റാലി, പൊതു സമ്മേളനം എന്നിങ്ങനെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ ക്രമീകരണം. തിരൂര്‍ എം ഇ ടി സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ചാണ് കൗണ്‍സിലും പ്രതിനിധി സമ്മേളനവും നടക്കുക.
14 ന് ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ കൗണ്‍സില്‍ ആരംഭിക്കും. വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് കൗണ്‍സിലര്‍മാരായെത്തുക. പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള നേതൃത്വത്തെ കൗണ്‍സിലില്‍ തിരഞ്ഞെടുക്കും. 15 ന് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്ന് വരെ പ്രതിനിധി സമ്മേളനം നടക്കും.
17 ജില്ലാ ഘടകങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും കൗണ്‍സിലര്‍മാരായെത്തുക. വൈകിട്ട് മൂന്നിന് അര ലക്ഷം പേര്‍ അണിനിരക്കുന്ന വിദ്യാര്‍ഥി റാലി തിരൂര്‍ പയ്യനങ്ങാടിയില്‍ നിന്നും ആരംഭിച്ച് സമ്മേളന നഗരിയായ തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സമാപിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതു സമ്മേളനത്തില്‍ എസ് എസ് എഫിന്റെ പുതിയ നേതൃത്വത്തെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിക്കും.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹിമാന്‍ സഖാഫി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.

 

---- facebook comment plugin here -----

Latest