തിരിച്ചടച്ച ലോണിന് ജപ്തി നോട്ടീസ്

Posted on: January 12, 2017 2:50 pm | Last updated: January 12, 2017 at 2:50 pm
മുബാറക്ക് മാതാവിന്റെ പേരിലുള്ള ഹൗസിംഗ് ലോണ്‍ തിരിച്ചടച്ച രശീതും, ജപ്തി നോട്ടീസും

കാളികാവ്: മലപ്പുറത്തെ സംസ്ഥാന ഭവന ബോര്‍ഡില്‍ നിന്ന് വായ്പയെടുത്ത തുക പലിശ സഹിതം ( രണ്ടിരട്ടിയോളം തുക ) മുഴുവന്‍ തുകയും തിരിച്ചടച്ചിട്ടും ജപ്തി നോട്ടീസുമായി റവന്യൂ അധികൃതര്‍. വീട്ടില്‍ മാത്രമല്ല പൊതു സ്ഥലങ്ങളിലും നോട്ടീസ് പതിച്ചതിനെതിരെ മാന നഷ്ട കേസ് കൊടുക്കാനൊരുങ്ങുകയാണ് ഈ കുടുംബം. കാളികാവിനടുത്ത വെന്തോടന്‍പടിയിലെ തായാട്ട് പീടിക മുബാറക്കാണ് മാതാവ് ലൈല അഹമ്മദ് കോയയുടെ പേരില്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ മലപ്പുറത്തെ ഓഫീസില്‍ നിന്നും ലോണെടുത്തത്. 1997 സെപ്തംബറിലാണ് മുബാറക് വീട് നിര്‍മിക്കുന്നതിനായി 4,50,000 രൂപ ലോണെടുത്തത്. പതിനഞ്ച് വര്‍ഷത്തെ കാലയളവില്‍ മാസം 8680 രൂപ നിരക്കില്‍ തിരിച്ചടക്കണമെന്നായിരുന്നു വ്യവസ്ഥ. മൂന്ന് വര്‍ഷത്തിനിടെ മൂന്ന് ഗഡുക്കളായിട്ടാണ് പണം കയ്യില്‍ കിട്ടിയത്.

1999 ല്‍ 96,000 രൂപ ലോണിലേക്ക് മടക്കി അടച്ചു. 2014 ല്‍ പലിശ ഉള്‍പ്പെടെ 11,26,078 രൂപ വണ്‍ ടൈം സെറ്റില്‍മെന്റ് സംവിധാനം വഴി തിരിച്ചടച്ചു. തുടര്‍ന്ന് ലോണിനായി ഹൗസിംഗ് ബോര്‍ഡില്‍ നല്‍കിയ ആധാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും തിരിച്ച് ലഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി റവന്യൂ അധികൃതര്‍ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തു. വെള്ളയൂര്‍ വില്ലേജ് ഓഫീസ്, കാളികാവ് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തു. നിലമ്പൂര്‍ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം വെള്ളയൂര്‍ വില്ലേജ് അധികൃതരാണ് ജപ്തി നോട്ടീസ് പതിച്ചത്. തിരിച്ചടച്ച ലോണിന്റെ പേരില്‍ സ്വന്തം വീട്ടില്‍ മാത്രമല്ല പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും നോട്ടീസ് പതിച്ചതിനെതിരെ മാന നഷ്ട കേസ് കൊടുക്കുമെന്ന് നിയമ വിദ്യാര്‍ഥി കൂടിയായ മുബാറക് പറഞ്ഞു. എന്നാല്‍ കലക്ടറേറ്റില്‍ നിന്ന് വന്ന പിശക് ആയിരിക്കും ജപ്തി നോട്ടീസിന് കാരണമെന്ന് ഹൗസിംഗ് ബോര്‍ഡ് അറിയിച്ചു.