സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം ഭീതിയുടെ നിഴലിലാണെന്ന് രമേശ് ചെന്നിത്തല

Posted on: January 12, 2017 1:02 pm | Last updated: January 12, 2017 at 4:52 pm

കൊച്ചി: സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്ന് ഭീതിയുടെ നിഴലിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എപ്പോഴാണ് ഇവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല. സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് അനിഷ്ടമുള്ളവര്‍ക്കെതിരെയെല്ലാം കേസുണ്ടായിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ ലഭിക്കുന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നടപടി സ്വീകരിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കേണ്ട മുഖ്യമന്ത്രി അതിനു പകരം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥരുമായി ഊഷ്മള ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ ഊഷ്മള ബന്ധമെന്നും ചെന്നിത്തല ചോദിച്ചു. ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഒരു ഭരണത്തലവന്‍ ചെയ്യേണ്ട നടപടി ഇതാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.