സുഷമയുടെ മുന്നറിയിപ്പ് ഫലം കണ്ടു; ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ആമസോണ്‍ നീക്കി

Posted on: January 12, 2017 10:58 am | Last updated: January 12, 2017 at 2:08 pm

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ഇ-കൊമേഴ്‌സ് കമ്പനി ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നു നീക്കം ചെയ്തു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിക്കണമെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നീക്കം. ഇത്തരം ചവിട്ടുമെത്തകള്‍ ഇനി വില്‍ക്കില്ലെന്നു ആമസോണ്‍ അറിയിച്ചു.

ത്രിവര്‍ണ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത നിര്‍മിച്ച ആമസോണ്‍ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്നും ട്വിറ്ററില്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആമസോണ്‍ കമ്പനിയുമായി ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോടു സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.