ഒടുവില്‍ ഹജ്ജ് ചര്‍ച്ചക്ക് ഇറാന്‍ സമ്മതിച്ചു

Posted on: January 12, 2017 10:55 am | Last updated: January 12, 2017 at 10:38 am
SHARE

ദമ്മാം: ഹജ്ജ് ചര്‍ച്ചക്കായി സഊദി ഹജ്ജ് മന്ത്രാലയം നല്‍കിയ കത്ത് ഒടുവില്‍ ഇറാന്‍ സ്വീകരിച്ചു. രാഷ്ട്രീയ ഒത്തു കൂടലും മുദ്രാവാക്യം വിളിയും അനുവദിക്കാത്ത പശ്ചാതലത്തില്‍ കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചിരുന്നില്ല. 60,000 പേരുടെയെങ്കിലും തടസ്സപ്പെടുത്തിയ ഹജ്ജ് ദൗത്യം ഈ വര്‍ഷം പുനരാരംഭിക്കുമെന്നാണ് ലഭ്യമായ അറിവ്. സഊദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നുള്ള ക്ഷണക്കത്ത് ലഭിച്ചതായി അലി ഖാംനയിയുടെ പ്രതിനിധി അലി അസ്‌കര്‍ തിങ്കളാഴ്ച ടേഹ്‌റാനില്‍ അറിയിച്ചു. ഫെബ്രുവരി 23 നാണ് ചര്‍ച്ചാ സംഗമം നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ഒരുക്കങ്ങള്‍ക്കും ചര്‍ച്ചക്കുമായി 80 രാജ്യങ്ങള്‍ക്ക് സൗദി ഹജ്ജ് മന്ത്രാലയം വഴി കത്തയച്ചിരുന്നു. ഇത്തരത്തില്‍ ഒരു ക്ഷണവും ലഭിച്ചില്ലെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ പ്രതികരണം.

ഇറാന്‍ വക്താവ് ബഹ്‌റാന്‍ ഖാസിമിയുടെ പ്രസ്താവന ഇറാനിലെ തീര്‍ത്ഥാടക ക്ഷേമ സ്ഥാപന മേധാവി ഡോ. തലാല്‍ ഖുതിബ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ വര്‍ഷവും ഇറാന്‍ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കില്ലെന്നായിരുന്നു വാര്‍ത്ത. മൂന്ന് പതിറ്റാണ്ടിനിടക്ക് ആദ്യമായാണ് കഴിഞ്ഞ വര്‍ഷം ഇറാന്‍ ഹജ്ജില്‍ നിന്ന് വിട്ടുനിന്നത്. എന്നാലും യൂറോപ്പിലും അമേരിക്കയിലും താമസിക്കുന്ന എഴുന്നൂറോളം ഇറാനികള്‍ കഴിഞ്ഞ വര്‍ഷവും ഹജ്ജിനെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here