ഇ എഫ് എല്‍ കപ്പ്: മാഞ്ചസ്റ്റര്‍ ഫൈനലിനരികെ

Posted on: January 12, 2017 1:05 am | Last updated: January 12, 2017 at 1:05 am
SHARE
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി മാറ്റ ഗോള്‍ നേടുന്നുമാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി മാറ്റ ഗോള്‍ നേടുന്നു

ലണ്ടന്‍: ഇ എഫ് എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. സെമിഫൈനലില്‍ ഹള്‍ സിറ്റിക്കെതിരെ ആദ്യ പാദം 2-0ന് ജയിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കലാശപ്പോരിലേക്കുള്ള വഴി എളുപ്പമാക്കിയത്.
ഈ മാസം 26ന് ഹള്‍ സിറ്റിയുടെ തട്ടകത്തില്‍ സെമിയുടെ രണ്ടാം പാദം നടക്കും. സ്പാനിഷ് താരം യുവാന്‍ മാറ്റയും ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ ഫെലെയ്‌നിയുമാണ് ജോസ് മൗറിഞ്ഞോയുടെ ടീമിനായി ലക്ഷ്യം കണ്ടത്.

വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി മാഞ്ചസ്റ്റര്‍ തുടരെ ഒമ്പതാം ജയമാണ് സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ച മാഞ്ചസ്റ്റര്‍ ഹോംഗ്രൗണ്ടില്‍ ജയിച്ചു കയറിയത് രണ്ടാം പകുതിയിലെ തിരിച്ചുവരവിലാണ്.
ഹെന്റിക് മഹിതരിയന്റെ പാസില്‍ മാറ്റയുടെ ഗോള്‍ സംഭവിക്കുന്നത് അമ്പത്താറാം മിനുട്ടില്‍. പകരക്കാരനായെത്തിയ ഫെലെയ്‌നി എണ്‍പത്തേഴാം മിനുട്ടില്‍ ഹെഡറിലൂടെ രണ്ടാം ഗോള്‍ നേടി. മാറ്റിയോ ഡാമിയന്റെ ക്രോസ് ബോളില്‍ ഹെഡറിലൂടെയാണ് ഫെലെയ്‌നിയുടെ ഗോള്‍.
സീസണില്‍ ഏതെങ്കിലുമൊരു കിരീടം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോച്ച് മൗറിഞ്ഞോ പട നയിക്കുന്നത്. ഇ എഫ് എല്‍ കപ്പില്‍ രണ്ടാം നിരയെയല്ല മൗറിഞ്ഞോ പരീക്ഷിക്കുന്നത്.
വെയിന്‍ റൂണി, പോള്‍ പോഗ്ബ, ഡേവിഡ് ഗിയ, മാറ്റ എന്നിങ്ങനെ പ്രീമിയര്‍ ലീഗ് ഫസ്റ്റ് ഇലവന്‍ കളിക്കാരെ തന്നെയാണ് ഈ ചാമ്പ്യന്‍ഷിപ്പിലും മാഞ്ചസ്റ്റര്‍ കോച്ച് പരീക്ഷിക്കുന്നത്.