ശ്രീജേഷിന് ആഗോള ഹോക്കി ആദരം

Posted on: January 12, 2017 6:15 am | Last updated: January 12, 2017 at 1:04 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ് രാജ്യാന്തര ഹോക്കി ഫെഡറേഷന്‍ (എഫ് ഐ എച്ച്) അത്‌ലറ്റ്‌സ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ താരങ്ങളും ഇപ്പോള്‍ കളിക്കുന്ന താരങ്ങളും ഉള്‍പ്പടെ എട്ട് പേരടങ്ങുന്നതാണ് അത്‌ലറ്റ്‌സ് കമ്മിറ്റി. ഹോക്കി ഫെഡറേഷനില്‍ കളിക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുക ഈ കമ്മിറ്റിയാണ്.

വലിയൊരു അംഗീകാരമായിട്ടാണ് ശ്രീജേഷ് ഇതിനെ കാണുന്നത്. ഇതിഹാസ താരം മോറിറ്റ്‌സ് ഫോസ്‌റ്റെയെ പോലുള്ളവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണിത്. പുതിയ ഉത്തരവാദിത്വം മികച്ച രീതിയില്‍ നിറവേറ്റാന്‍ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്- ശ്രീജേഷ് പറഞ്ഞു.ഹോക്കിക്ക് ആഗോള പ്രശസ്തി നല്‍കുക എന്ന ഉദ്ദേശ്യത്തോടെ എഫ് ഐ എച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പരിശ്രമിക്കും. മികച്ച നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട്. അതിന് ടീം അംഗങ്ങളുടെയും കോച്ചിന്റെയും കോച്ചിംഗ് സ്റ്റാഫുകളുടെയും എല്ലാ പിന്തുണയും സഹകരണവും തനിക്ക് അത്യാവശ്യമാണ് – മലയാളി താരം പറഞ്ഞു.

എഫ് ഐ എച്ച് അത്‌ലറ്റ്‌സ് കമ്മിറ്റി രാജ്യാന്തര ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്‌സ് കമ്മിറ്റിയുമായും മറ്റ് കായിക ഫെഡറേഷനുകളുടെ അത്‌ലറ്റ്‌സ് കമ്മിറ്റിയുമായുമെല്ലാം സഹകരിക്കും.
ആഗോള അത്‌ലറ്റുകളുടെ ആരോഗ്യം, ക്ഷേമം, കരിയര്‍ തുടര്‍ച്ച, ഉത്തേജക മരുന്നുപയോഗം തടയല്‍, ഒത്തുകളി എന്നീ വിഷയങ്ങളെല്ലാം അത്‌ലറ്റ്‌സ് കമ്മിറ്റി ഗൗരവമായി ചര്‍ച്ച ചെയ്യും.