രവി’ശാസ്ത്രം’ അബദ്ധമെന്ന് അസ്ഹര്‍ !

Posted on: January 12, 2017 7:56 am | Last updated: January 12, 2017 at 1:00 am

ന്യൂഡല്‍ഹി: രവിശാസ്ത്രി തയ്യാറാക്കിയ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരുടെ പട്ടികയെ കടന്നാക്രമിച്ചു കൊണ്ട് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ രംഗത്ത്.
അസ്ഹറിനെ ചൊടിപ്പിച്ചത് മറ്റൊന്നുമല്ല, ലോക ക്രിക്കറ്റിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി പരിഗണിക്കപ്പെടുന്ന സൗരവ് ഗാംഗുലിയെ രവിശാസ്ത്രി തഴഞ്ഞു.
മഹേന്ദ്ര സിംഗ് ധോണിയെയാണ് രവിശാസ്ത്രി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായി പരിഗണിക്കുന്നത്. ദാദ ക്യാപ്റ്റന്‍ എന്നാണ് ശാസ്ത്രി ധോണിയെ വിശേഷിപ്പിച്ചത്. കപില്‍ദേവ്, അജിത് വഡേക്കര്‍, ടൈഗര്‍ പട്ടൗഡി എന്നിവരെല്ലാം ധോണിക്ക് പിറകിലാണെന്ന് രവിശാസ്ത്രി പറയുന്നു.

എന്നാല്‍, വ്യക്തിവൈരാഗ്യം വെച്ചാണ് രവിശാസ്ത്രി പെരുമാറുന്നതെന്ന് അസ്ഹര്‍ കുറ്റപ്പെടുത്തി. എന്തടിസ്ഥാനത്തിലാണ് രവിശാസ്ത്രി സൗരവ് ഗാംഗുലിയെ മോശം ക്യാപ്റ്റനായി ചിത്രീകരിക്കുക. ഗാംഗുലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് കണ്ടില്ലെന്ന് നടിച്ചാണ് ഒരു തിരഞ്ഞെടുപ്പിന് അദ്ദേഹം മുതിര്‍ന്നിരിക്കുന്നത്.
രവിശാസ്ത്രി മറ്റുള്ളവരെ കുറിച്ച് എന്ത് പറയുന്നു എന്നതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. എന്നാല്‍ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ക്യാപ്റ്റന്‍മാരെ അയാള്‍ കണ്ടെത്തിയിരിക്കുകയാണ്. തികച്ചും വ്യക്തിവിരോധം വെച്ച് കൊണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള കളിക്കാരെ വില കുറച്ച് കാണുവാനുള്ള ഗൂഢശ്രമമാണ് ഇതിന് പിറകില്‍-അസ്ഹര്‍ ആഞ്ഞടിച്ചു.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുവാന്‍ നാമനിര്‍ദേശം നല്‍കിയ അസ്ഹറുദ്ദീന്‍ കോഴ വിവാദത്തില്‍ പെട്ട് കരിയര്‍ നശിച്ചു പോയ താരമാണ്. ഗാംഗുലിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ച സൂപ്പര്‍ നായകനായിരുന്നു അസ്ഹര്‍. 1992, 1996, 1999 എന്നിങ്ങനെ മൂന്ന് ഏകദിന ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് അസ്ഹറുദ്ദീനാണ്. ക്രിക്കറ്റ് ഭരണരംഗത്തേക്ക് ശ്രദ്ധ തിരിക്കുന്ന അസ്ഹര്‍ പുതിയ ഇന്നിംഗ്‌സിനൊരുങ്ങുകയാണ്. ഹൈദരാബാദിനെ ക്രിക്കറ്റിലെ ശക്തികേന്ദ്രമാക്കി മാറ്റുക എന്നതായിരിക്കും തന്റെ പ്രഥമ അജണ്ടയെന്ന് അസ്ഹര്‍ പറഞ്ഞു.

ജില്ലാ തലത്തില്‍ നിന്ന് പരിഷ്‌കരണം ആരംഭിക്കണം. ഹൈദരാബാദില്‍ നിന്ന് മികച്ച കളിക്കാര്‍ വരുന്നില്ല. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ ഹൈദരാബാദില്‍ നിന്ന് ആരുമില്ല. ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് അസ്ഹര്‍ പറഞ്ഞു.
കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട് 2000 ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് പുറന്തള്ളപ്പെട്ട അസ്ഹര്‍ 2011 ല്‍ നിയമ പോരാട്ടത്തിലൂടെ തനിക്കെതിരായ ആജീവനാന്ത ക്രിക്കറ്റ് വിലക്ക് റദ്ദാക്കിയിരുന്നു.
എന്നാല്‍, ബി സി സി ഐ അസ്ഹറിന്റെ വിലക്ക് ഇനിയും ഔദ്യോഗികമായി പിന്‍വലിച്ചിട്ടില്ല. ബി സി സി ഐയുടെ പെന്‍ഷനും അസ്ഹറിന് ലഭിക്കുന്നില്ല.