ഖാസിമാര്‍ നല്‍കുന്ന ത്വലാഖ് സര്‍ട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി

Posted on: January 12, 2017 12:55 am | Last updated: January 12, 2017 at 12:55 am
SHARE

ചെന്നൈ: മുത്ത്വലാഖിന് ഖാസിമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് നിയമ സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. അത് അവരുടെ അഭിപ്രായം മാത്രമാണെന്നും 1880ലെ ഖാസി ആക്ട് പ്രകാരം അതിന് നിയമ സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.

ഖാസിമാര്‍ക്ക് ത്വലാഖുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അധികാരമില്ല. ഖാസിമാര്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുന്‍ എം എല്‍ എയും അഭിഭാഷകനുമായ ബദര്‍ സഈദ് നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗശല്‍, എം എം സുന്ദരേഷ് എന്നിവരടങ്ങുന്ന ബഞ്ചിന്റെ നിരീക്ഷണം.
ഹരജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത മാസം 21ലേക്ക് മാറ്റി.

തര്‍ക്ക വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് പ്രവര്‍ത്തിക്കുന്ന മതകോടതികള്‍ക്ക് നേരത്തെ മറ്റൊരു വിധിയിലൂടെ മദ്രാസ് ഹൈക്കോടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.