സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം ഉടന്‍; ഉപാധികളില്ലാതെയെന്ന് അമരീന്ദര്‍ സിംഗ്‌

Posted on: January 12, 2017 7:55 am | Last updated: January 12, 2017 at 12:52 am

ന്യൂഡല്‍ഹി: മുന്‍ ബി ജെ പി നേതാവ് നവ്‌ജ്യോധ് സിദ്ദുവിന്റെ കോണ്‍ഗ്രസ് പ്രവേശം ഉടന്‍. അദ്ദേഹം ഉടന്‍ തന്നെ പാര്‍ട്ടിയുടെ ഭാഗമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശം ഉപാധികളില്ലാതെയാണെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗിന്റെ പ്രതികരണം. സിധുവിന്റെ ഭാര്യ മുമ്പ് വ്യക്തമാക്കിയത് പോലെ അദ്ദേഹം അമൃതസര്‍ ഈസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനെ കുറിച്ച് സംസാരിക്കവെ അത് ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്കെടുക്കുന്ന കാലതാമസവും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാനിടയാക്കി. പാര്‍ട്ടി സംസ്ഥാനത്ത് നിന്ന് പുറത്തുള്ള സ്ഥാനാര്‍ഥികളെ കൊണ്ട് വരില്ല. കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നുവെന്ന വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കവെ പുറത്ത് നിന്ന് വന്ന് പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാനാണ് കെജ്‌രിവാളിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രകടന പത്രികയെ കുറിച്ച് പരാമര്‍ശിക്കവെ ലോകോത്തര സാമ്പത്തിക വിദഗ്ധരാണത് തയ്യാറാക്കിയിരിക്കുന്നതെന്ന് അമരീന്ദര്‍ സിംഗ് അവകാശപ്പെട്ടു.