Connect with us

National

മുഖ്യമന്ത്രി സ്ഥാനാര്‍ഥി പഞ്ചാബില്‍ നിന്ന് തന്നെ: കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സംസ്ഥാനത്ത് നിന്ന് തന്നെയായിരിക്കുമെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന മാധ്യമ വാര്‍ത്തകള്‍ നിരസിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പഞ്ചാബ് മുഖ്യമന്ത്രി പാക്കിസ്ഥാനില്‍ നിന്നോ ലണ്ടനില്‍ നിന്നോ ഫ്രാന്‍സില്‍നിന്നോ ആയിരിക്കില്ല. അദ്ദേഹം ഈ സംസ്ഥാനത്തുനിന്നു തന്നെയായിരിക്കും. ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ എനിക്ക് ഉത്തരവാദിത്തം നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ എനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ കഴിയില്ല-കെജ്‌രിവാള്‍ പറഞ്ഞു.

ബദാഷ്പൂരില്‍ നടന്ന റാലിയില്‍ കെജ്‌രിവാള്‍ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന് എ എ പി നേതാവ് മനീഷ് സിസോദിയ സൂചന നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനത്തിന് പുറത്തുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് എ എ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസും ബി ജെ പിയും ആരോപിച്ചിരുന്നു. അതേസമയം പാര്‍ട്ടി നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.