പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വികാരാധീനനായി മുലായം

Posted on: January 12, 2017 7:47 am | Last updated: January 12, 2017 at 12:49 am
SHARE

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ നിന്ന് സമവായത്തിലേക്ക് നീങ്ങുന്നതിനിടെ അഖിലേഷ് പക്ഷക്കാരനായ രാംഗോപാല്‍ യാദവിനെതിരെ പരോക്ഷ വിമര്‍ശനങ്ങളില്‍ നിന്ന് മാറി തുറന്നടിച്ച് പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് പ്രതിപക്ഷവുമായി ഗൂഢാലോചന നടത്തി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മുലായം ആരോപിച്ചു. ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാംഗോപാല്‍ യാദവിനെതിരെ പരസ്യമായി അദ്ദേഹം രംഗത്തെത്തിയത്.

മോട്ടോര്‍ സൈക്കിള്‍ ചിഹ്നനത്തില്‍ അഖില ഭാരതീയ സമാജ്‌വാദി പാര്‍ട്ടി എന്ന പേരില്‍ ഒരു പുതിയ പാര്‍ട്ടി രൂപവത്കരിക്കാനാണ് രാം ഗോപാല്‍ ശ്രമിക്കുന്നത്. സി ബി ഐക്കെതിരെ അദ്ദേഹത്തെ സഹായിക്കാമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണ് രാംഗോപാല്‍ യാദവ് ശ്രമിക്കുന്നത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നും പാര്‍ട്ടി ചിഹ്നം തന്റെതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വികാരഭരിതമായി സംസാരിച്ച മുലായം സിംഗ് പ്രവര്‍ത്തകരോട് ഐക്യത്തോടെ നില്‍ക്കാന്‍ അഭ്യര്‍ഥിച്ചു. അടിയന്തരാവസ്ഥ കാലത്താണ് ഞാന്‍ ഈപാര്‍ട്ടി രൂപവത്കരിക്കുന്നത്?. ഇതിനായി ധാരാളം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അന്ന് അഖിലേഷ് യാദവിന് രണ്ട് വയസ്സായിരുന്നു പ്രായം. തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രവര്‍ത്തകരെ ഉണര്‍ത്തി. അനുയായികള്‍ക്ക് തന്നിലും, തനിക്ക് അനുയായികളിലും പൂര്‍ണ വിശ്വാസമുണ്ട്. പാര്‍ട്ടിയുടെ ചിഹ്നമോ പേരോ മാറ്റില്ല. എസ് പിയിലെ കുറച്ചുപേര്‍ മറ്റ് പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളെല്ലാവരും എന്നോടൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച മുലായം പാര്‍ട്ടിയും ചിഹ്നവും സുരക്ഷിതമാണെന്നും ആവര്‍ത്തിച്ചു.