Connect with us

Kerala

ശിരുവാണിയില്‍ ജലവിതാനം താഴ്ന്നു; തമിഴ്‌നാടിനുള്ള ജലവിതരണം കേരളം നിര്‍ത്തിവെച്ചു

Published

|

Last Updated

ശിരുവാണി അണക്കെട്ടില്‍ ജലവിതാനം താഴ്ന്നതിനെ തുടര്‍ന്ന് പുറത്തുകാണുന്ന പമ്പിംഗ് സംവിധാനം

പാലക്കാട്: വേനലെത്തും മുമ്പേ ശിരുവാണി അണക്കെട്ടിലെ ജലവിതാനം താഴ്ന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുള്ള ജല വിതരണം നിര്‍ത്തിവെച്ചു. അന്തര്‍ സംസ്ഥാന നദീജല കരാര്‍ പ്രകാരം കോയമ്പത്തൂരിലേക്ക് കുടിവെള്ളം നല്‍കുന്നത് ഈ അണക്കെട്ടില്‍ നിന്നാണ്. കരാറനുസരിച്ച് അണക്കെട്ടില്‍ സംരക്ഷിക്കപ്പെടേണ്ടതിലും താഴെ ജലനിരപ്പ് എത്തിയതോടെയാണ് ജലവിതരണം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്.

ചരിത്രത്തില്‍ ആദ്യമായാണ് ജനുവരിയില്‍ തന്നെ ഡാമിലെ ജലനിരപ്പ് ഇത്രയും താഴുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലത്തെ കണക്ക് പ്രകാരം ഡാമില്‍ 861.2 മീറ്റര്‍ വെള്ളമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 873.42 മീറ്റര്‍ വെള്ളമുണ്ടായിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ പോലും അപൂര്‍വമായേ ഇത്രയും പ്രതിസന്ധിയുണ്ടാകാറുള്ളൂ.
1973ലെ കേരള- തമിഴ്‌നാട് നദീജല കരാര്‍ പ്രകാരം 1.3 ടി എം സി ജലമാണ് കോയമ്പത്തൂരിലെ കുടിവെള്ള ആവശ്യത്തിനായി നല്‍കേണ്ടത്. അണക്കെട്ടില്‍ നിന്ന് എട്ട് കിലോമീറ്റര്‍ പൈപ്പ് ലൈന്‍ വഴി ജലം തമിഴ്‌നാട് അതിര്‍ത്തിയിലെത്തിച്ച് അവിടെനിന്ന് കാട്ടു ചോലയിലൂടെ ഒഴുക്കിയാണ് ആലാന്തറയിലെ ശുദ്ധീകരണ കേന്ദ്രത്തില്‍ എത്തിക്കുന്നത്.

2013 മെയില്‍ സമാനമായ രീതിയില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ തമിഴ്‌നാട് അനധികൃതമായി വെള്ളം കൊണ്ടുപോകുന്ന ടണല്‍ കണ്ടെത്തിയിരുന്നു. ഇതിലൂടെ മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്താണ് അവര്‍ വെള്ളം കൊണ്ടുപോയത്. ടണല്‍ അടക്കാന്‍ ശ്രമിച്ചെങ്കിലും ഉന്നത ഇടപെടല്‍ മൂലം നടന്നില്ല. 2014 മെയില്‍ അന്നത്തെ ചീഫ് എന്‍ജിനീയര്‍ നേരിട്ട് ഇടപെട്ട് അനധികൃത പൈപ്പ് ലൈനും ഇന്‍ടേക്ക് കിണറും അടച്ചു. ടണല്‍ അടച്ചതിന്റെ പ്രയോജനം ലഭിക്കുന്നതിന് വേണ്ടി വെള്ളം അളക്കാനുള്ള ഉപകരണം സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളുടെ യോഗത്തില്‍ കേരളം അനുമതിനേടിയിരുന്നു. എന്നാല്‍, രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പായിട്ടില്ല.

നിലവിലെ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ കരാറില്‍ ഭേദഗതി വരുത്തുകയോ ജലനിരപ്പ് ഉയരാന്‍ പാകത്തില്‍ മഴ ലഭിക്കുകയോ വേണം. അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നത് അട്ടപ്പാടിയിലും രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കും.