ജിഷ്ണുവിന്റെ മരണം: സംസ്ഥാന സര്‍ക്കാര്‍ മാനേജ്‌മെന്റുമായി ഒത്തുകളിക്കുന്നു: കെ എസ് യു

Posted on: January 12, 2017 12:40 am | Last updated: January 12, 2017 at 12:40 am

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെളിവുകളുണ്ടായിട്ടും തുടര്‍ നടപടികളിലേക്ക് നീങ്ങാതെ മൗനം പാലിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മാനേജ്‌മെന്റുമായി ഒത്തുകളിക്കുകയാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സ്വാശ്രയ മാനേജ്‌മെന്റിന്റെ ക്രൂര നടപടികള്‍ക്ക് നേരെ കണ്ണടുക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ സ്ഥിരം നയമാണ്.

സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് യുഡിഎഫ് വിഷയം ഉന്നയിച്ചപ്പോള്‍ സമരം അടിച്ചൊതുക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാ നുള്ള പ്രതിഫലമായി പിണറായി സര്‍ക്കാര്‍ മാനേജ്‌മെന്റിനൊപ്പം നില്‍ക്കുകയാണ്. മന്ത്രി എ കെ ബാലന്റെ ഭാര്യ ഇതേ മാനേജ്‌മെന്റിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് ഒതുക്കാനുള്ള കുത്സിത ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. കെ ടി യു അന്വേഷണം വെറും പ്രഹസനമാണെന്നും അന്വേഷണത്തിനായി കോളജിലെത്തിയ സംഘം വിദ്യാര്‍ഥികളില്‍ നിന്ന് മാത്രമാണ് മൊഴി എടുത്തത്- ജോയ് പറഞ്ഞു.