ലീഗിന്റെയും എം എസ് എഫിന്റെയും ആവശ്യം തള്ളി: കാലിക്കറ്റ് യൂനിയന്‍ തിരഞ്ഞെടുപ്പ് 28ന് തന്നെ

Posted on: January 12, 2017 7:38 am | Last updated: January 12, 2017 at 12:39 am
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസം തന്നെ നടത്താന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗവും തീരുമാനിച്ചു. എന്നാല്‍, നോമിനേഷന്‍ നല്‍കാന്‍ ഇന്ന് ഉച്ച വരെ സിന്‍ഡിക്കേറ്റ് സമയം നീട്ടി നല്‍കി. തിരഞ്ഞെടുപ്പ് ഈ മാസം 28ന് തന്നെ നടത്താനാണ് അടിയന്തിര സിന്‍ഡക്കേറ്റ് തീരുമാനം.

വിദ്യാര്‍ഥി സംഘടനകളുടെ പരാതിപ്രകാരമാണ് നോമിനേഷന്‍ നല്‍കാന്‍ അവസരം നല്‍കിയത്. കഴിഞ്ഞ ദിവസം എം എസ് എഫ് പ്രവര്‍ത്തകര്‍ ഭരണ കാര്യാലയം ഉപരോധിക്കുകയും വൈസ് ചാന്‍സലറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈസ്ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍ അടിയന്തര സിന്‍ഡിക്കേറ്റ് വിളിക്കുകയായിരുന്നു. 300ല്‍പ്പരം യു യുസിമാര്‍ക്ക് വോട്ടവകാശം നിഷേധിച്ചുവെന്നാരോപിച്ചായിരുന്നു എം എസ് എഫ് പ്രതിഷേധ സമരം. എന്നാല്‍, പുതുതായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ അനുവദിക്കരുതെന്ന നിലപാട് എസ് എഫ് ഐ സ്വീകരിച്ചതോടെ വിഷയം ഹൈക്കോടതിയിലെത്തി.
ഇതിനിടെ ജനുവരി 28ന് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറങ്ങിയതാണ് പ്രശ്‌നത്തിന് കാരണമായത്. സോണല്‍ കലോത്സവവും പരീക്ഷകളും നടത്താനുള്ളതിനാല്‍ തിരഞ്ഞെടുപ്പ് വൈകുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് തെരഞ്ഞടുപ്പ് നിശ്ചയിച്ച തീയതിക്ക് തന്നെ നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതോടെ എം എസ് എഫിന് കോടതിയെ വീണ്ടും സമീപിക്കേണ്ട സ്ഥിതിയായി. അടിയന്തിര സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളായ പി എം നിയാസും, കെ എം നസീറും വിട്ടുനിന്നു. യോഗം ചേര്‍ന്ന സമയം വരെ ഇരുവരും യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്നെങ്കിലും യോഗത്തിനെത്തിയില്ല.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ ലീഗ് പ്രതിനിധികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ സിന്‍ഡിക്കേറ്റില്‍ ഉണ്ടാകാത്തതിനാല്‍ എം എസ് എഫ് സമരത്തിനിറങ്ങുമെന്ന് നേത്യത്വം സൂചന നല്‍കി.