എന്‍ഡോസള്‍ഫാന്‍: ഇരകളെ കണ്ട ന്യായാസനം

എന്‍ഡോസള്‍ഫാന്‍ എന്ന വിഷഭീകരന്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകാവുന്ന ദോഷഫലങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് ലോകത്താകെയുണ്ടായ പഠനങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞത് കേസില്‍ നിര്‍ണായകമായി. ഇതോടെ എന്‍ഡോസള്‍ഫാന്‍ കാരണം ആരും രോഗബാധിതരായിട്ടില്ലെന്ന കമ്പനികളുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ നിരാകരിക്കപ്പെട്ടു. കേസിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്ന് എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കാന്‍ കോടതി തയ്യാറായി എന്നതായിരുന്നു ശ്രദ്ധേയമായ വഴിത്തിരിവ്. ദുരന്തബാധിത ലിസ്റ്റില്‍പ്പെട്ട 5,400 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തിലെ സുപ്രധാന ഏടാണ്. മൂന്ന് മാസത്തിനകം കമ്പനികള്‍ കൊടുത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന്് വിധിയില്‍ പറയുന്നതും ഏറെ നിര്‍ണായകമാണ്.
Posted on: January 12, 2017 6:25 am | Last updated: January 12, 2017 at 12:29 am

ഷഡ്പദകീടങ്ങളെ നശിപ്പിക്കാനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍, ഇലചുരുട്ടിപ്പുഴുക്കള്‍ എന്നിവക്കെതിരെയാണ് ഇത് പ്രയോഗിക്കുക. തവിട്ട് നിറത്തിലുള്ള പൊടി രൂപത്തില്‍ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നു. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ് പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാകുന്നത്.

ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്റ്റിസൈഡുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണിത്. ക്ലോറിനേറ്റഡ് സൈക്ലോഡയീന്‍ എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്. സ്വഭാവപരമായി ഇതൊരു ന്യൂറോ റ്റോക്‌സിന്‍ അഥവാ നാഡീവിഷമാണ്. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന ന്യൂറോണുകളുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. വൃക്ഷവിളകള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുക്കള്‍, കാപ്പി, പുകയില, പരുത്തി തുടങ്ങിയവയില്‍ ഉപയോഗിക്കുന്നു.

ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായുള്ളത്. ദുരന്തങ്ങളും ഇവിടങ്ങളിലാണ് കൂടുതല്‍. അമേരിക്കയില്‍ നിന്നു ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്. ഈജിപ്ത്, മഡഗാസ്‌കര്‍, കസാഖിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, സ്‌പെയിന്‍, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ സ്ത്രീകളുടെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മരണമുള്‍പ്പെടെ ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്‌റ്റോറിക്ക, ഗ്വാട്ടിമാല, മലേഷ്യ, ഫിലിപ്പൈന്‍സ്, മാലി, ന്യൂസിലാന്‍ഡ്, തുര്‍ക്കി, സെനഗല്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ് മുന്നില്‍.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്നു മാസത്തിനകം നഷ്ടപരിഹാരവിതരണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കീടനാശിനി കമ്പനികളില്‍ നിന്നും കേന്ദ്രസര്‍ക്കാറില്‍ നിന്നും നഷ്ടപരിഹാരത്തിനുള്ള വിഹിതം സംസ്ഥാന സര്‍ക്കാറിന് ഈടാക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. മൂന്നു മാസത്തിനകം പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരത്തുക കൈമാറണം. ആജീവനാന്ത വൈദ്യസഹായം അനുവദിക്കണം. കാലയളവിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ഇരകള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എന്‍ വി രമണയും അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കരാറുകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ ‘അനിശ്ചിതകാല പട്ടിണി സമരം’ നടത്തിയിരുന്നു. ഒന്‍പത് ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. എന്നാല്‍ ഉറപ്പുകള്‍ ലംഘിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ദുരിത ബാധിതര്‍ 2016 ഏപ്രില്‍ 30, ശനിയാഴ്ച കാസര്‍കോട്ട് പ്രതിഷേധ സംഗമം നടത്തിയത്. പക്ഷേ, അതും ഫലം കണ്ടില്ല. മാത്രമല്ല, ദുരിതബാധിതരായ രണ്ട് മക്കളുടെ പിതാവായ ബെള്ളൂര്‍ പഞ്ചായത്തിലെ ജഗന്നാഥ പൂജാരിയും ബെള്ളൂരിലെ തന്നെ രാജീവ് എന്ന എന്‍ഡോസള്‍ഫാന്‍ ഇരയും ആത്മഹത്യ ചെയ്യുകയുണ്ടായി.
കാസര്‍കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ കീടങ്ങളെ കൊല്ലാനെന്ന പേരില്‍ ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിന് മനുഷ്യരുടെ ജീവിതം നിശ്ചലമായതിനെ കുറിക്കാനാണ് കേരളത്തിന്റെ പശ്ചാത്തലത്തില്‍ നാം എന്‍ഡോസള്‍ഫാന്‍ ദുരന്തം എന്നു വിളിക്കുന്നത്. ആരുടെയും കണ്ണലിയിപ്പിക്കുന്ന ദുരിത വര്‍ത്തമാനങ്ങളാണ് ആ ഗ്രാമീണ ജനതക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. ജനിതകവൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കൊണ്ട് നിറഞ്ഞ പ്രദേശങ്ങള്‍. കേരളത്തിന്റെ നീറ്റലായിരുന്നു നിസ്സഹായരായ ആ ജനത. സ്വതേ ദുര്‍ബലരായ ജനതയായിരുന്നതിനാലും സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത്

ജീവിക്കുന്നവരായതിനാലും ഭരണകൂടങ്ങളുടെ ശ്രദ്ധയില്‍ അവര്‍ വന്നിട്ടുണ്ടായിരുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരെ അവഗണിക്കുകയായിരുന്നു. അതിനിടെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്നുവന്ന സമരങ്ങളെ തുടര്‍ന്ന്, അവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തോന്നലിലേക്ക് ഭരണകൂടങ്ങളും കോടതികളും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എത്തിയത്. അങ്ങനെ അവര്‍ക്ക് വേണ്ടിയുള്ള പലവിധ സുരക്ഷാ, ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍, വാഗ്ദാനം പലതും ഒരിക്കലും പരിപൂര്‍ണമായി നടപ്പാക്കപ്പെട്ടില്ല എന്നതായിരുന്നു യാഥാര്‍ഥ്യം.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ദുരിതബാധിതര്‍ക്ക് നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന പരസ്യത്തില്‍ രണ്ടു കുട്ടികളുടെ ചിത്രങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ പോലും ഇനിയും പെടുത്തിയിട്ടില്ലാത്തവരായിരുന്നു ആ കുട്ടികള്‍ എന്നാണ് സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നത്. വേദന തിന്നു കഴിയുന്ന ഈ മനുഷ്യരുടെ കാര്യം എത്ര അലസമായാണ് നമ്മുടെ സര്‍ക്കാറുകള്‍ പരിഗണിച്ചിരുന്നത് എന്നതിന്റെ മികച്ച തെളിവ്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അത് ഏതെങ്കിലും രാഷ്ട്രീയ മുന്നണിക്കെതിരായ നീക്കമായി ധരിക്കരുത്. അവരുടെ ദുരിതത്തില്‍ മുന്നണികള്‍ക്ക് തുല്യ പങ്കുണ്ട്. ആ മനുഷ്യരുടെ ജീവിതം വെച്ച് രാഷ്ട്രീയം കളിക്കരുത്. അവരോടു ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യേണ്ടത് കേരള സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമാണ്. അതിനുള്ള അവസരമാണ് സുപ്രീം കോടതി ഒരുക്കിയിരിക്കുന്നത് .
1977 മുതല്‍ 2000 വരെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. നിരോധം വന്നിട്ട് തന്നെ ഇപ്പോള്‍ 17 കൊല്ലം കഴിഞ്ഞു. ഇക്കാലമത്രയും ഒരു ജനത മാരക വിഷത്തിന്റെ ഇരകളായി ജീവിതം ഹോമിക്കേണ്ടി വരികയാണ്. 17 വര്‍ഷമല്ല, ഇനിയൊരു 50 വര്‍ഷത്തേക്കു കൂടി ഈ രോഗദുരിതം കാസര്‍കോട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ് സ്ഥിതി. രണ്ടു മാസം മുമ്പു പിറന്ന രണ്ടു കുഞ്ഞുങ്ങള്‍ അതിനുദാഹരണമാണ്. ‘തലവളര്‍ന്ന കുട്ടികള്‍’ എന്നോ എടുത്ത ഫോട്ടോയില്‍ മാത്രമാണെന്ന സമാധാനം വേണ്ടെന്നു തന്നെയാണത് പറയുന്നത്. മാനസിക വൈക്യലം ബാധിച്ചവര്‍, അംഗവൈകല്യം ബാധിച്ചവര്‍, ഹൃദയം, കരള്‍, വൃക്കരോഗങ്ങള്‍ ബാധിച്ചവര്‍, എന്നിങ്ങനെ പല രൂപത്തിലും ഇരകള്‍ ഇനിയുമുണ്ടാകാം. അത്ര രൂക്ഷമത്രേ എന്‍ഡോസള്‍ഫാന്‍ എന്ന വിഷത്തിന്റെ വീര്യം. ഇങ്ങനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് നീതിപീഠത്തിന്റെ ആശ്വാസം എത്തിയിരിക്കുന്നത്.

കാസര്‍കോട്ടെ അമ്മമാരുടെ മുലപ്പാലിലും രക്തത്തിലും വരെ എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഷനല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഒക്യുപ്പേഷനല്‍ ഹെല്‍ത്ത് നടത്തിയ പരിശോധനയില്‍ കുമ്പടാജയിലെ ഒരു സ്ത്രീയുടെ മുലപ്പാലില്‍ കണ്ടെത്തിയത് 22.4 പി പി എം (പാര്‍ട്‌സ് പെര്‍ മില്യണ്‍) എന്‍ഡോസള്‍ഫാന്‍ ആയിരുന്നു. മറ്റൊരു സ്ത്രീയുടെ രക്തത്തില്‍ കണ്ടെത്തിയത് 176.9 പി പി എം വിഷവും. ഒന്നോര്‍ക്കണം വെള്ളത്തില്‍ എന്‍ഡോസള്‍ഫാന്‍ അനുവദനീയമായ അളവ് 0.18 മാത്രമാണ്.
ആറു വര്‍ഷത്തിലേറെ നീണ്ട നിയമയുദ്ധമാണ് സുപ്രീം കോടതിയില്‍ നടത്തിയത്. ഓരോ സിറ്റിംഗിനും ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രഗത്ഭ അഭിഭാഷകര്‍ കീടനാശിനി കമ്പനികള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമായി ഹാജരായിട്ടും ഇരകള്‍ക്കായി എല്ലാ തെളിവും നിരത്തി ഡി വൈ എഫ് ഐ നടത്തിയ വാദങ്ങള്‍ പരമോന്നത നീതിപീഠത്തിന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാന വിധി. അഡ്വ. ദീപക് പ്രകാശ് പ്രതിഫലമില്ലാതെ നടത്തിയ സേവനവും മനുഷ്യപക്ഷത്തുനിന്നുള്ളതായി. എന്‍ഡോസള്‍ഫാന്‍ എന്ന വിഷഭീകരന്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകാവുന്ന ദോഷഫലങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് ലോകത്താകെയുണ്ടായ പഠനങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് കേസില്‍ നിര്‍ണായകമായി. ഇതോടെ എന്‍ഡോസള്‍ഫാന്‍ കാരണം ആരും രോഗബാധിതരായിട്ടില്ലെന്ന കമ്പനികളുടെയും കേന്ദ്ര കൃഷിവകുപ്പിന്റെയും വാദങ്ങള്‍ നിരാകരിക്കപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ മാരക രോഗങ്ങള്‍ക്കും ജീവഹാനിക്കും കാരണമാകുമെന്നാണ് നൂറ്റമ്പതോളം പഠനങ്ങള്‍ വ്യക്തമാക്കുന്നത് എന്നത് കോടതി തന്നെ വ്യക്തമാക്കുന്ന സ്ഥിതി സംജാതമായി.

കേസിന്റെ തുടക്കത്തില്‍ തന്നെ കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടന്ന് എന്‍ഡോസള്‍ഫാന്റെ ഉപയോഗം നിരോധിക്കാന്‍ കോടതി തയ്യാറായി എന്നതായിരുന്നു ശ്രദ്ധേയമായ വഴിത്തിരിവ്. ആയിരക്കണക്കിനാളുകളെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട കീടനാശിനി ഉത്പാദിപ്പിച്ച കമ്പനികളാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന വാദമാണ് ഡി വൈ എഫ് ഐ മുന്നോട്ടുവെച്ചത്. ഇരകളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാറിനും ബാധ്യതയുണ്ടെന്ന ആവശ്യവും കോടതി അംഗീകരിച്ചു. ദുരന്തബാധിത ലിസ്റ്റില്‍പ്പെട്ട 5400 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിധി എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തിലെ സുപ്രധാന ഏടാണ്. മൂന്നു മാസത്തിനകം കമ്പനികള്‍ കൊടുത്തില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്ന്് വിധിയില്‍ പറയുന്നതും ഏറെ നിര്‍ണായകമാണ്. കേസ് നടത്തിയവര്‍ ദുരിതബാധിതര്‍ക്കായി സൗജന്യ പാര്‍പ്പിട, വിദ്യാഭ്യാസ, ചികിത്സ, ധനസഹായ പദ്ധതികള്‍ എന്നിവ നടപ്പാക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം എന്‍ഡോസള്‍ഫാനെതിരെ ബഹുമുഖ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉപയോഗിച്ച് പരസ്യം നല്‍കിയതിന് എന്‍ഡോസള്‍ഫാന്‍ ഉത്പാദകരുടെ സംഘടനക്ക് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രത്യാഘാതം നേരിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ കീടനാശിനി കമ്പനികള്‍ക്ക് കോടതി മുന്നറിയിപ്പും നല്‍കി. 2012ലാണ് ചീഫ് ജസ്റ്റിസിന്റെ ചിത്രം ഉള്‍പ്പെടുത്തി കീടനാശിനി കമ്പനികള്‍ പത്രത്തില്‍ പരസ്യം നല്‍കിയത്.
1975 ഓടെ ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരന്തങ്ങള്‍ 2001 ഓടെയാണ് ജനശ്രദ്ധയില്‍ വരുന്നത്. പദ്രെ പി എച്ച് സിയിലെ ഡോ. വൈ എസ് മോഹന്‍കുമാറും പത്രപ്രവര്‍ത്തകന്‍ ശ്രീപദ്രെയും ഉള്‍പ്പെടെയുള്ള മനുഷ്യ സ്‌നേഹികളായ ചുരുക്കം ചിലരായിരുന്നു അതിനു പിന്നില്‍. തുടര്‍ന്ന് അതേ വര്‍ഷം ആഗസ്റ്റില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വിഷയം ആദ്യമായി നിയമസഭയില്‍ കൊണ്ടുവന്നു. ആഗസ്റ്റ് 25ന് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ നിരോധം പിന്‍വലിച്ച് 2002 ഫെബ്രുവരി 18ന് കൃഷി വകുപ്പ് സെക്രട്ടറി മറ്റൊരു ഉത്തരവിറക്കി. എന്‍ഡോസള്‍ഫാനാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയാവുന്ന ശാസ്ത്രീയ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നാണ് ഇതിന് പറഞ്ഞ കാരണം. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് 2005ല്‍ സംസ്ഥാനത്ത് പൂര്‍ണമായ നിരോധം വന്നു. ഇതെല്ലാം വെളിവാക്കുന്നത് എന്‍ഡോസള്‍ഫാനെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ തന്നെ ശക്തമായ തോതില്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാനും ശ്രമമുണ്ടായി എന്നാണ്.

വലിയ പോരാട്ടങ്ങളുടെ ഫലമാണ് ഈ നിരോധവും ആശ്വാസമാകുന്ന സുപ്രീം കോടതി വിധിയും. ശക്തമായ സമരങ്ങളും സമ്മര്‍ദങ്ങളും പ്രചാരണങ്ങളും പല തലങ്ങളില്‍ നടന്നതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും നടന്നത്. അവശത അനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെടുന്നവരും അവര്‍ക്ക് ലഭിച്ച അവകാശങ്ങള്‍ പോലും നേടിയെടുക്കാന്‍ വീണ്ടും സമരം ചെയ്യേണ്ടിവരുന്നു. അധികാരി വര്‍ഗത്തിന്റെ മുന്‍ഗണനയുടെ പ്രശ്‌നമാണിത്. വലിയ സംഘടിത ശേഷിയുള്ളവരുടെയും സമ്മര്‍ദ ശക്തിയാകാന്‍ ശേഷിയുള്ളവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് വലിയ താത്പര്യമാണ്. ഏറ്റവുമൊടുവില്‍ നഷ്ട്ടപരിഹാരം വാങ്ങി നല്‍കുന്നതില്‍ ഡി വൈ എഫ് ഐ വിജയിക്കുമ്പോള്‍, പൊതു മുതല്‍ നശിപ്പിച്ചും അക്രമ സമരം നടത്തിയും മാത്രമല്ല, നിയമ യുദ്ധത്തിലൂടെയും അവകാശങ്ങള്‍ നേടിയെടുക്കാം എന്ന ഒരു സമര പന്ഥാവ് കൂടി രൂപപ്പെടുത്തിഎടുത്തിരിക്കുന്നു!