Connect with us

Kerala

ഈ പട്ടാളപ്പട നശിപ്പിച്ചത് 302 ഏക്കര്‍ കൃഷി

Published

|

Last Updated

പത്തനംതിട്ട വള്ളിക്കോട് പഞ്ചായത്തിലെ നടവത്തൊടി പാടശേഖരത്തിലെ പട്ടാളപ്പുഴുവിന്റെ ആക്രമണത്തില്‍ നെല്‍കൃഷി നശിച്ച നിലയില്‍

പത്തനംതിട്ട; അപ്പര്‍ കുട്ടനാട്ടിലും പത്തനംതിട്ടയിലും പട്ടാളപ്പുഴുവിന്റെ ആക്രമണത്തില്‍ കൊയ്യാന്‍ പാകമായ 302 ഏക്കര്‍ നെല്‍കൃഷി നശിച്ചു. അപ്പര്‍ കുട്ടനാട്ടിലെ കുറ്റൂര്‍, മീന്തലവയല്‍ , പത്തനംതിട്ടയിലെ വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ നടുവത്തൊടി, വേട്ടക്കുളം, വെട്ടുകാട് ഏലകളിലുമാണ് പട്ടാളപ്പുഴുവിന്റെ ശല്യം രൂക്ഷമായത്.
പത്തനംതിട്ടയില്‍ മാത്രം 192 ഏക്കറും അപ്പര്‍ കുട്ടനാട്ടില്‍ 110 ഏക്കറിലുമാണ് കൃഷി നശിച്ചിരിക്കുന്നത്. ഏകദേശം അരക്കോടി രൂപയുടെ നഷ്ടമാണ് പത്തനംതിട്ടയിലെ കര്‍ഷകര്‍ക്ക് മാത്രം ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി പട്ടാളപ്പുഴുവിന്റെ ആക്രമണം ഉണ്ടായത് എറണാകുളം ജില്ലയിലെ കോള്‍പാടങ്ങളിലാണ്. റൈസ് സ്വാമിംഗ് കാറ്റര്‍ പില്ലര്‍ ഇനത്തിലെ പുഴുവാണ് നെല്‍ ചെടിയുടെ കാമ്പും തളിരിലകളും തിന്ന് തീര്‍ക്കുന്നത്. അരമണിക്കൂറിനുള്ളില്‍ നാല്‍പ്പത് സെന്റിലെ നെല്‍ച്ചെടികള്‍ ഇവക്ക് നശിപ്പിക്കാന്‍ കഴിയും കൂട്ടത്തോടെ ആക്രമണം നടത്തുന്നതാണ് ഇവയുടെ രീതി. കഴിഞ്ഞ പത്ത് ദിവസത്തനുള്ളിലാണ് ഇവയുടെ ആക്രമണം രൂക്ഷമായത്.
1999 ഏപ്രിലില്‍ ഈ പുഴുക്കള്‍ എത്യോപ്യായില്‍ വ്യാപകമായ കൃഷി നാശം വരുത്തിയിരുന്നു. ഗിനിയാ, സിറാലിയോണ്‍, സൊമാലിയ, കെനിയ, ഉഗാണ്ടാ, ടാന്‍സാനിയ എന്നീ രാജ്യങ്ങളിലും പട്ടാളപ്പുഴുക്കള്‍ വന്‍ കൃഷി നാശം വരുത്തിയിരുന്നു. എത്യോപ്യയില്‍ 3.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ചത്. ലിബേറിയായില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഈ പുഴുക്കളെ വകവരുത്തിയത്. കൃഷിസ്ഥലത്തെ തളിരിലകള്‍ തീര്‍ന്നാല്‍ രാത്രികാലം അടുത്ത മേച്ചില്‍ സ്ഥലം നോക്കി പോകുന്നതിനാലാണ് പട്ടാളപ്പുഴു (ആര്‍മി വേം) എന്ന് ഇവയെ അറിയപ്പെടുന്നത്. മണ്ണിനടയില്‍ മുട്ടയിട്ട് ഇരിക്കുന്ന ഇവ അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനെ തുടര്‍ന്ന് വിരിഞ്ഞ് പുറത്തിറങ്ങിയിരിക്കുന്നത്. മഴയില്ലാതായതോടെ പാടശേഖരം വരണ്ടുണങ്ങിയതും ഇവയുടെ വംശവര്‍ദധവിന് കാരണമായെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്.

വരണ്ടുണങ്ങിയ പാടങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം 110 സെന്റി മീറ്റര്‍ മഴ ലഭിച്ചിരുന്ന സമയത്ത് ഇപ്പോള്‍ ലഭിച്ചത് 34 മില്ലിമീറ്റര്‍ മഴയാണ്. പാടശേകരത്തിന് പുറമെ വീടുകളുടെ പരിസരത്തും കിണറുകളിലും ഇവയുടെ സാന്നിധ്യം ഉണ്ട്. കിണറുകളിലും ജലം ഇതോടെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.