ഹാക്കര്‍മാര്‍ക്ക് ഇനി തടവും പിഴയും

Posted on: January 11, 2017 10:06 pm | Last updated: January 11, 2017 at 10:06 pm

മസ്‌കത്ത്: കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയാല്‍ ഇനി മുതല്‍ തടവും പിഴയും ശിക്ഷ. ആറ് മാസം വരെ ജയില്‍ തടവും 500 റിയാല്‍ വരെ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ഹാക്കര്‍മാരെ നേരിടുന്നതിനാണ് പബ്ലിക് പ്രൊസിക്യൂഷന്‍ പുതിയ ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോരാതിരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്ക് പരിമിധിയുണ്ടെന്നും എന്നാല്‍, ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യം വരുന്നതോടെ ഹാക്കര്‍മാര്‍ ഭയക്കുമെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈതം അല്‍ ബലൂശി പറഞ്ഞു.
ഒമാനില്‍ വിവിധ കമ്പനികളുടേതടക്കം നിരവധി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളും നെറ്റ്‌വര്‍ക്കുകളും ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായതായി കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജി സി സിയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം അടക്കമുള്ള പ്രതിസന്ധികള്‍ ഹാക്കര്‍മാര്‍ മൂലം ഉണ്ടാകുന്നു.