അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ 26 ലക്ഷം ലഹരി ഗുളികകളുമായി രണ്ടു പേര്‍ പിടിയില്‍

Posted on: January 11, 2017 9:58 pm | Last updated: January 11, 2017 at 9:58 pm
SHARE

അബുദാബി: റോഡ് മാര്‍ഗമുള്ള അതിര്‍ത്തിവഴി വന്‍തോതില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള ശ്രമം അബുദാബി പോലീസ് വിഫലമാക്കി. സഊദിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനായി ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലായി ഗുളികകള്‍ പിടിക്കപ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരും അറബ് വംശജരാണ്. അബുദാബി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. രാജ്യത്തേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ലഹരി ഗുളികകള്‍ അതിര്‍ത്തി കടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പോലീസിന്റെ വലയിലായതെന്ന് അബുദാബി പോലീസിലെ കുറ്റാന്വേഷണ വിഭാഗം തലവന്‍ ബ്രി.ഡോ. റാശിദ് ബൂ റശീദ് അറിയിച്ചു.

ദുബൈ പോലീസിലെ ലഹരി വിരുദ്ധ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഓപറേഷന്‍ നടന്നതെന്നും ബൂ റശീദ് വിശദീകരിച്ചു. അബുദാബി നഗരത്തിന്റെ ഒരു പ്രാന്ത പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന ഒരു വില്ലയില്‍ സൂക്ഷിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. പിടിയിലായ പ്രതികളിലൊരാള്‍ വില്ലയില്‍ ജോലി ചെയ്യുന്നയാളുമാണ്. തുടര്‍ച്ചയായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെ ലഹരി ഗുളികകള്‍ കയറ്റിക്കൊണ്ടുപോകാനെത്തിയ ട്രക്കുകളില്‍ പ്രത്യേക പാക്കറ്റുകളിലാക്കിയ ലഹരി ഗുളിക കയറ്റുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികളോടൊപ്പം ട്രക്കുകള്‍ കസ്റ്റഡിയിലെടുത്തു. അയല്‍രാജ്യത്തെ താമസക്കാരനായ ഒരാള്‍ക്ക് വേണ്ടി സൂക്ഷിച്ചതായിരുന്നു ഗുളികകളെന്നും അര ലക്ഷം ഡോളറാണ് തങ്ങള്‍ക്കുള്ള കമ്മീഷനെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here