അറബ് ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ സംരംഭമായിരിക്കുമെന്ന് ശൈഖ ഹിന്ദ്

Posted on: January 11, 2017 9:24 pm | Last updated: January 11, 2017 at 9:24 pm
എമിറേറ്റ്‌സ് ഭക്ഷ്യബേങ്ക് കമ്മിറ്റി യോഗം വൈസ് ചെയര്‍മാന്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നപ്പോള്‍

ദുബൈ: ഔദ്യോഗിക പ്രഖ്യാപനം നടന്ന് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍തന്നെ രാജ്യത്തെ പ്രമുഖമായ 100 സൂപ്പര്‍മാര്‍ക്കറ്റുകളും 85 ഹോട്ടല്‍ ശൃംഖലകളും എമിറേറ്റ്‌സ് ഭക്ഷ്യബേങ്കിന്റെ ഭാഗമായതായി പദ്ധതി നടത്തിപ്പ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം വ്യക്തമാക്കി.

പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശൈഖ ഹിന്ദ്, എമിറേറ്റ്‌സ് ഭക്ഷ്യബേങ്ക് അറബ് ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതിയായി മാറുമെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഔദ്യോഗികമായി പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുന്ന വേളയില്‍ കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ശൈഖ ഹിന്ദ് വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വ്യക്തികളും സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസത്തിനിടെ രാജ്യത്തെ 100 സൂപ്പര്‍മാര്‍ക്കറ്റുകളും 85 ഹോട്ടലുകളും പദ്ധതിയുടെ ഭാഗമായത്, ഭക്ഷ്യബേങ്കിന് സമൂഹത്തില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയുടെ തെളിവാണെന്നും ശൈഖ പറഞ്ഞു. കുറഞ്ഞ ദിവസത്തിനുള്ളില്‍ പദ്ധതിക്ക് നിരവധി പങ്കാളികളെ ലഭിച്ചതായി കമ്മിറ്റി വൈസ് ചെയര്‍മാന്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ലൂത്തയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ജുമൈറ ഹോട്ടല്‍ ഗ്രൂപ്പ്, ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍, മാജിദ് അല്‍ ഫുതൈം ഗ്രൂപ്പ്, കാരെഫോര്‍, ചോയിത്രാം തുടങ്ങിയവയാണ് നിലവില്‍ പദ്ധതിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച സ്ഥാപനങ്ങളെന്നും ലൂത്ത വെളിപ്പെടുത്തി.