സഹാറ, ബിര്‍ള കേസ്: പ്രധാനമന്ത്രിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി

Posted on: January 11, 2017 7:08 pm | Last updated: January 11, 2017 at 9:10 pm
SHARE

ന്യൂഡല്‍ഹി: സഹാറ, ബിര്‍ള കമ്പനികളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കോഴ വാങ്ങിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ തെളിവുകളില്ല. കടലാസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം നല്‍കിയതായി പറയുന്നത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെയും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്‍മാറിയിരുന്നു. സുപ്രീംകോടതിയുടെ പുതിയ ബഞ്ചാണ് വാദം കേട്ടത്.