ഇന്ത്യയിൽനിന്ന് ഈ വർഷം 170,000 ഹാജിമാർ

സഊദിയും ഇന്ത്യയും ഹജ്ജ് കരാറിൽ ഒപ്പു വെച്ചു. 34,000 പേർക്ക് അധികം അവസരം. 1,25,000 പേർ ഹജ്ജ് കമ്മറ്റി വഴി. സ്വകാര്യ ഗ്രൂപ്പുകൾക്ക് 45,000 ഹാജിമാർ.

Posted on: January 11, 2017 7:50 pm | Last updated: January 13, 2017 at 12:45 am
SHARE

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കരാർ സൗദിയുമായി ഇന്ത്യ ഒപ്പുവെച്ചു. സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് ബിന്‍ താഹിര്‍ ബന്ദന്‍ ഇന്ത്യൻ ഹജ്ജ്കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും തമ്മിൽ ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തിൽ വെച്ച് ബുധനാഴ്ച ഉച്ചക്കാണ് കരാറിൽ ഒപ്പു വെച്ചത്.

34,000 പേർക്ക് അധിക ക്വാട്ട ലഭിച്ചതടക്കം അടുത്ത ഹജ്ജിന് 1,70,000 പേർക്കാണ് അനുമതി ലഭിച്ചത്. മന്ത്രിക്കു പുറമെ ഇന്ത്യൻ അമ്പാസഡർ അഹ്മദ് ജാവേദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലം എന്നിവരും ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ചു.

മക്കയിലെ മത്വാഫ് വികസന പ്രവൃത്തികൾ കാരണം 2013 മുതൽ വെട്ടിക്കുറച്ച 20% ക്വാട്ട സൗദി പുന:സ്ഥാപിച്ചതാണ് ഇന്ത്യക്ക് അധിക ക്വാട്ട അനുവദിച്ച് കിട്ടാൻ കാരണം. പോയ വർഷം 1,36,020 പേരാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തിയിരുന്നത്. ഒരുലക്ഷത്തി ഇരുപതു പേർ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും. മുപ്പത്താറായിരം പേർ സ്വകാര്യ ഗ്രൂപ്പു വഴിയും.

34,000 പേർക്ക് അധികം അവസരം ലഭിച്ചതോടെ ആകെ ലഭിച്ച 1,70,000 പേരിൽ 45,000 പേർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും 1,25,000 പേർ ഹജ്ജ് കമ്മറ്റി വഴിയുമാകും അടുത്ത ഹജ്ജിന് എത്തുകയെന്ന് നഖ്വി മാധ്യമ പ്രവർത്തകരെയറിയിച്ചു.

21 ഹജ്ജ് എമ്പാർക്കേഷൻ പോയിന്റുകളാകും ഇന്ത്യയിലുണ്ടാകുക. കോഴിക്കോട് അതിൽ ഉൾപ്പെട്ടിട്ടില്ല. കോഴിക്കോടിന്റെ കാര്യം അന്തിമമാക്കിയിട്ടില്ലെന്നും ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

ജിദ്ദയിലെ ട്രയ്ഡന്റ് ഹോട്ടലിൽ വെച്ചു വൈകീട്ടു നടന്ന വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ മുഖ്താർ അബ്ബാസ് നഖ്‌വി ഹജ്ജ് കരാർ സംബന്ധിച്ച വിശദവിവരങ്ങൾ അറിയിച്ചത്. മന്ത്രിയോടൊപ്പം ഇന്ത്യൻ അമ്പാസഡർ അഹ്മദ് ജാവേദും കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here