രാഹുല്‍ഗാന്ധി പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണെന്ന് ബിജെപി

Posted on: January 11, 2017 6:57 pm | Last updated: January 12, 2017 at 10:31 am
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്ത്. രാഹുല്‍ പാര്‍ട് ടൈം രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം ഇപ്പോള്‍ അവധി ആഘോഷിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. റോമ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് രാഹുല്‍. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടെങ്കില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ വിദേശത്തേയ്ക്ക് പറക്കുമായിരുന്നോ എന്നും ബിജെപി ചോദിച്ചു.

പുതുവര്‍ഷ ആഘോഷത്തിന് ശേഷം മടങ്ങിയെത്തിയ രാഹുല്‍ രാവിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 70 വര്‍ഷം കോണ്‍ഗ്രസ് എന്താണ് ചെയ്തത് എന്നാണ് പ്രധാനമന്ത്രിയും ബിജെപിയും ചോദിക്കുന്നത്. അതിന്റെ ഉത്തരം ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം. രാജ്യത്തിനായി നമ്മുടെ നേതാക്കള്‍ നല്‍കിയ രക്തവും കണ്ണീരും ജനത്തിന് തിരിച്ചറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജീവന്‍ നല്‍കിയ സംസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് എനിക്ക് എണ്ണിപ്പറയാന്‍ സാധിക്കും. ഞങ്ങള്‍ ചെയ്യാത്ത എന്താണ് കഴിഞ്ഞ രണ്ടര വര്‍ഷമായി ബിജെപി ചെയ്തത്. എല്ലാ മേഖലയും അവര്‍ ദുര്‍ബലപ്പെടുത്തുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി അധിക്ഷേപിക്കപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.