Connect with us

Gulf

സഊദിയില്‍ വിദേശ നിക്ഷേപകര്‍ക്കു 24 മണിക്കൂറിനകം സന്ദര്‍ശന വിസ

Published

|

Last Updated

ജിദ്ദ: സഊദിയില്‍ വിദേശ നിക്ഷേപകര്‍ക്കു 24 മണിക്കൂറിനകം സന്ദര്‍ശന വിസ അനുവദിക്കാന്‍ സഊദി ഉന്നതാധികാര സാമ്പത്തിക കൗണ്‍സില്‍ അനുമതി. ഇക്കാര്യം ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ വാകതാവ് ഉസാമ നുഗലി സ്ഥിരീകരിച്ചു.

വാണിജ്യ പ്രമുഖര്‍ക്കു നിക്ഷേപം നടത്താന്‍ ഉദ്ദേശിച്ചു രാജ്യത്ത് വരുന്നവര്‍ക്ക് വിസ നടപടികള്‍ ലഘൂകരിക്കണമെന്ന നിര്‍ദേശത്തിന്മേലാണിത്. രാജ്യത്തെ സ്ഥാപനങ്ങളിലേക്കുള്ള ബിസിനസ്സ് വിസ, വാണിജ്യ വ്യവസായികള്‍ക്കുള്ള സന്ദര്‍ശന വിസ, ബിസിനസ്സ് സംഘങ്ങള്‍ക്കുള്ള സന്ദര്‍ശന വിസ എന്നിങ്ങനെ മൂന്ന് രീതിയിലായിരിക്കും ബിസിനസ്സ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കുക. അവസാനത്തെ രണ്ട് വിഭാഗങ്ങള്‍ക്കും പരിഷ്‌കരിച്ച രീതിയില്‍ ജനുവരി ഒന്നു മുതല്‍ വിസകള്‍ അനുവദിച്ചു തുടങ്ങി. സ്ഥാപന സന്ദര്‍ശന വിസകള്‍ ഈ ആഴ്ച മുതല്‍ നല്‍കും. സന്ദര്‍ശകരെ ക്ഷണിച്ചു കൊണ്ട് കത്തുകളില്ലാതെ തന്നെ വിസ നല്‍കും. പുതിയ സന്ദര്‍ശന വിസ നടപടികള്‍ സംബന്ധിച്ച് സഊദി എല്ലാ എംബസികള്‍ക്കും കോണ്‍സിലേറ്റുകള്‍ക്കും ഇതിനകം സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. വാണിജ്യ സന്ദര്‍ശന വിസകള്‍ വേഗത്തില്‍ അനുവദിക്കുന്നതിനു ഇവിടെ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. വിസാ നടപടികളെല്ലാം ഓണ്‍ലൈന്‍ മുഖേനയാണ്. രാജ്യത്ത് നിക്ഷേപം നടത്താന്‍ വരുന്നവര്‍ക്കു വേണ്ട സൗകര്യങ്ങളും നടപടികളും വിലയിരുത്തുന്നതിനു എല്ലാ ബുധനാഴ്ചയും വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുടെ യോഗം സഊദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അബ്ദുല്ലാ അല്‍ഖുസൈബിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു വിലയിരുത്തും.