സ്വാശ്രയസ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി

Posted on: January 11, 2017 11:11 am | Last updated: January 12, 2017 at 12:42 am

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോളജുകളിലെ ഭൗതിക സാഹചര്യവും അക്കാദമിക വിഷയങ്ങളും സമിതി പരിശോധിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനായിരിക്കും ഏകോപന ചുമതല.
സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളെ കുറിച്ചുള്ള വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ ഓംബുഡ്‌സ്മാനെ നിയോഗിക്കാന്‍ സാങ്കേതിക സര്‍വകലാശാലയും തീരുമാനിച്ചിട്ടുണ്ട്.

പാമ്പാടി നെഹ്‌റു കോളജിലുണ്ടായ പ്രശ്‌നങ്ങള്‍ അതീവഗൗരവമായാണ് മന്ത്രിസഭ പരിഗണിച്ചത്. ജിഷ്ണു പ്രണോയിയുടെ ജീവന്‍ നഷ്ടപ്പെട്ടതുപോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കരുതെന്നായിരുന്നു മന്ത്രിസഭയിലെ പൊതുവികാരം. കുട്ടികളുടെ പഠനം, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പ്രത്യേകം പരിഗണിക്കും. അക്കാദമിക കാര്യങ്ങളില്‍ കോളജ് എത്രശ്രദ്ധിക്കുന്നു, പരീക്ഷാ നടത്തിപ്പ്, ഇന്റേണല്‍ അസസ്‌മെന്റ് എന്നിവയും വിലയിരുത്തും. സമിതി റിപ്പോര്‍ട്ട് പരിഗണിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് മന്ത്രിസഭാ യോഗ ശേഷം വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
സ്വാശ്രയ കോളജുകള്‍ക്കെതിരെ അടിക്കടി ഉയരുന്ന ഗുരുതര പരാതികളുടെ പശ്ചാത്തലത്തിലാണ് ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഓംബുഡ്‌സ്മാനായി നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല ഗവേണിംഗ് ബോര്‍ഡ് തീരുമാനിച്ചത്. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കൂടി കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിനീയറിംഗ് കോളജുകളിലും വിദഗ്ധ പരിശോധന നടത്തും. വിദ്യാര്‍ഥികളില്‍ നിന്ന് പരാതി കേള്‍ക്കും. ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍വകലാശാല തീരുമാനിക്കുക. സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഓംബുഡ്‌സ്മാനില്‍ പരാതി സമര്‍പ്പിക്കാം. വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമം, വ്യക്തിഹത്യ, പീഡനം, അധിക ഫീസ് ഈടാക്കല്‍, പഠനത്തിന്റെ നിലവാരമില്ലായ്മ തുടങ്ങിയ കാര്യങ്ങളിലും പരാതിപ്പെടാം. യു ജി സി, എ ഐ സി ടി ഇ ആക്ട് പ്രകാരമാണ് നിയമനം. കോളജുകളെ കയറൂരിവിടുന്നത് കൂടുതല്‍ അപകടകരമാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത മിക്ക അംഗങ്ങളും അഭിപ്രായപ്പെട്ടു. വൈസ് ചാന്‍സലര്‍ കുഞ്ചറിയ പി ഐസക് അധ്യക്ഷത വഹിച്ചു. വി എസ് എസ് സി ഡയറക്ടര്‍ ശിവന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഡയറക്ടര്‍ വിനോദ് കുമാര്‍, ധനവകുപ്പ് സെക്രട്ടറി ജെയിംസ് ജോസഫ്, ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി ആഞ്ചലോസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കെ വിജയകുമാര്‍, ചെന്നൈ ഐ ഐ ടിയിലെ ഡീന്‍ ഡോ. ദേവദാസ് മേനോന്‍ തുട ങ്ങിയവര്‍ പങ്കെടുത്തു.