2000 രൂപയുടെ സീല്‍ പൊട്ടിക്കാത്ത നോട്ടുകള്‍ പിടിച്ചെടുത്തതില്‍ അന്വേഷണം

Posted on: January 11, 2017 11:06 am | Last updated: January 11, 2017 at 3:02 pm
SHARE

ന്യൂഡല്‍ഹി: 2000 രൂപയുടെ സീല്‍ പൊട്ടിക്കാത്ത നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തതിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഗവണ്‍മെന്റ് പ്രസുകളില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്ന് പുതിയ നോട്ടുകള്‍ വന്‍തോതില്‍ എത്തിക്കാന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിച്ചു എന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം. ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റും ഇന്റലിജന്‍സും ചേര്‍ന്നാണ് അന്വേഷണം നടത്തുക.

20 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുമായി കഴിഞ്ഞ മാസം സൗത്ത് ഡല്‍ഹിയില്‍ ഒരാള്‍ പിടിയിലായിരുന്നു. ഇയാളുടെ കയ്യിലുള്ള നോട്ടുകെട്ടുകളില്‍ മഹാരാഷ്ട്രയിലേയും ബംഗാളിലേയും സെക്യൂരിറ്റി പ്രസുകളുടെ സീലുകളാണ് ഉണ്ടായിരുന്നത്. ഇതാണ് ഇത്തരം റാക്കറ്റുകളുണ്ടെന്ന നിഗമനത്തിലേക്ക് ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റിനെ നയിച്ചത്.

റിസര്‍വ് ബാങ്കില്‍നിന്ന് ബാങ്കുകളിലേക്കും എടിഎമ്മുകളിലേക്കും നോട്ടുകള്‍ എത്തിക്കുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ്. അതുകൊണ്ട് തന്നെ ഇതിനിടയില്‍ തിരിമറി നടക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ അപ്രതീക്ഷുതമായുണ്ടായ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണം ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.