Connect with us

National

മണിപ്പൂരില്‍ ഇടത് മുന്നണി പരീക്ഷണം

Published

|

Last Updated

ഇംഫാല്‍: ഭരണ കക്ഷിയായ കോണ്‍ഗ്രസിനെയും പ്രതീക്ഷയോടെ മുന്നേറുന്ന ബി ജെ പിയെയും വെല്ലുവിളിക്കാന്‍ മണിപ്പൂരില്‍ പുതിയ രാഷ്ട്രീയ സഖ്യം ഒരുങ്ങുന്നു. സി പി ഐയുടെ നേതൃത്വത്തില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് സംസ്ഥാനത്ത് ഇടത് ജനാധിപത്യ മുന്നണിക്ക് രൂപം നല്‍കിയിരിക്കുന്നത്.
സി പി ഐയെ കൂടാതെ സി പി എം, എന്‍ സി പി, എ എ പി, ജെ ഡി യു, മണിപ്പൂര്‍ നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയാണ് മുന്നണിയിലെ മറ്റ് അംഗങ്ങള്‍. സി പി ഐ സംസ്ഥാന സെക്രട്ടറി മൊയ്‌രംഗ്തം നരയാണ് മുന്നണി പ്രഖ്യാപിച്ചത്.
മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ സി പിക്ക് മാത്രമാണ് ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിഞ്ഞത്. വിജയിച്ചയാള്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ സംസ്ഥാന രാഷ്ട്രീയ ചിത്രം ബി ജെ പി, കോണ്‍ഗ്രസ്, ഇറോം ശര്‍മിളയുടെ പ്രജ (പി ആര്‍ ജെ എ) എന്നിവയില്‍ അവസാനിക്കുമ്പോള്‍ ശേഷിക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നണിയുണ്ടാക്കാതെ മാര്‍ഗമില്ലെന്ന് വരികയായിരുന്നു.
ആഭ്യന്തര സംഘര്‍ഷവും തീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനവും അസ്വസ്ഥമാക്കുന്നതാണ് മണിപ്പൂരിന്റെ രാഷ്ട്രീയ ചരിത്രം. പുതുതായി ഏഴ് ജില്ലകള്‍ രൂപവത്കരിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പ്രഖ്യാപനമുണ്ടാക്കിയ സംഘര്‍ഷങ്ങള്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും അയവുവന്നിട്ടില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഗോഗ്ര വിഭാഗമായ മെയ്തികളെ സ്വാധീനിക്കാനാണ് പുതിയ ജില്ലകള്‍ രൂപവത്കരിക്കുന്നത് എന്നാണ് യുനൈറ്റഡ് നാഗാ കൗണ്‍സിലിന്റെ (യു എന്‍ സി) ആരോപണം.
ഈ സാഹര്യമെല്ലാം നിലനില്‍ക്കുമ്പോഴാണ് മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മിള പുതിയ പാര്‍ട്ടിയുണ്ടാക്കി കന്നി മത്സരത്തിനിറങ്ങുന്നത്. 16 വര്‍ഷത്തെ നിരാഹാരത്തില്‍ നിന്ന് നേടിയ കരുത്തുമായി അവര്‍ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ചിത്രം പ്രവചനാതീതമാകുന്നു.