കോണ്‍ഗ്രസില്‍ നിന്ന് അഖിലേഷ് തേടുന്നത്; തിരിച്ചും

Posted on: January 11, 2017 8:50 am | Last updated: January 11, 2017 at 8:50 am
SHARE

ലക്‌നോ: പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമ്പോഴും, തര്‍ക്കങ്ങള്‍ക്കുള്ള കാരണങ്ങളിലൊന്നായ കോണ്‍ഗ്രസ് സഖ്യം എന്ന തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യു പി മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവിന്റെ തീരുമാനം. ഉത്തര്‍ പ്രദേശില്‍ തീരെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന സംഘടനയായിട്ടും കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് സഖ്യത്തിന് അഖിലേഷിനെ പ്രേരിപ്പിക്കുന്നത് രണ്ട് കാരണങ്ങളാണ്. ബി ജെ പിക്ക് ശക്തമായ മതേതര ബദലാകാന്‍ എസ് പി- കോണ്‍ഗ്രസ് സഖ്യത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസമാണ് യുവ നേതാവിനെ നയിക്കുന്നത്.
സംസ്ഥാനത്തെ പ്രബല വൈരികളായ ബി എസ് പി 97 മണ്ഡലങ്ങളിലാണ് ഇത്തവ ണ മുസ്‌ലിം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. എക്കാലത്തെയും കൂടിയ മുസ്‌ലിം പ്രാതിനിധ്യമാണ് ഇത്. എസ് പി ഒറ്റക്കെട്ടായി മത്സരിച്ചപ്പോള്‍ പോലും സംസ്ഥാനത്തെ ചെറിയ ശതമാനം മുസ്‌ലിം വോട്ടുകള്‍ മാത്രം സ്വന്തം പെട്ടിയിലാക്കാനേ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇത്തവണ പിളര്‍പ്പ് കൂടി സംഭവിക്കുമ്പോള്‍ അതില്‍ പിന്നെയും ഇടിവ് വരും. ഇതോടെ മുസ്‌ലിം വോട്ടുകള്‍ ബി എസ് പി, രണ്ട് എസ് പി പക്ഷങ്ങള്‍, കോണ്‍ഗ്രസ് എന്നിങ്ങനെ നാലായി വിഭജിക്കപ്പെടും. ഈ സാഹചര്യത്തില്‍ സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിനൊപ്പമുള്ള മുസ്‌ലിം വോട്ടുകള്‍ കൂടി തങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കഴിയും എന്ന് അഖിലേഷ് കരുതുന്നു. ന്യൂനപക്ഷ സംരക്ഷകര്‍ എന്ന കോണ്‍ഗ്രസിന്റെ ദേശീയ മുഖം തങ്ങള്‍ക്ക് തുണയാകുകയും ചെയ്യും. വോട്ട് കണക്കെടുപ്പിനെക്കാളും കോണ്‍ഗ്രസ് നേടിത്തരുന്ന മതേതര മുഖഛായയാണ് അഖിലേഷിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് വ്യക്തം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ രണ്ടാമതൊരു കാരണം കൂടിയുണ്ട് അഖിലേഷിന്. ആ പാര്‍ട്ടിയോട് ആത്മബന്ധം ഇപ്പോഴും സൂക്ഷിക്കുന്ന പഴയ തലമുറയുടെ വോട്ടുകളാണ്. പിളര്‍പ്പ് പൂര്‍ണമായാല്‍, അഖിലേഷ് കേള്‍ക്കാന്‍ പോകുന്ന പഴികളില്‍ ഒന്ന് പിതാവ് മുലായം സിംഗ് യാദവ് പ്രതിനിധാനം ചെയ്യുന്ന മുതിര്‍ന്ന നേതാക്കളെ തള്ളിക്കളഞ്ഞു എന്നതാകും. മാത്രമല്ല, ചെറിയൊരു വിഭാഗം ഉന്നത ജാതിക്കാരുടെയും ദളിതരുടെയും പിന്തുണ കൂടി അഖിലേഷിന് നഷ്ടമായേക്കും. ഈ മൂന്ന് നഷ്ടങ്ങളും കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് തിരിച്ചുപിടിക്കാമെന്നാണ് അഖിലേഷിന്റെ കണക്കുകൂട്ടല്‍. മോദി തരംഗം ആഞ്ഞടിച്ച 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും ദുര്‍ബലരായ കോണ്‍ഗ്രസിന് 7.53 എന്ന സമാശ്വാസ വോട്ടിംഗ് ശതമാനത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ഈ മൂന്ന് വിഭാഗങ്ങളുടെ പിന്‍ബലത്തിലാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 11.65 ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം (28 സീറ്റുകള്‍).
അതേസമയം, കൂട്ടുകെട്ടുകള്‍ എന്നും ദുര്‍ബലമാക്കുക മാത്രം ചെയ്ത ചരിത്രമുള്ള കോണ്‍ഗ്രസും ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട് ഉത്തര്‍ പ്രദേശില്‍ ഒരു കൈത്താങ്ങ്. കാല്‍നൂറ്റാണ്ടിലധികമായി സംസ്ഥാന ഭരണത്തിന്റെ പടിക്ക് പുറത്താണ് കോണ്‍ഗ്രസ്. പ്രവര്‍ത്തകര്‍ക്ക് ആവേശമേകുന്ന ഒന്നും ചെയ്യാന്‍ കഴിയുന്നില്ല സംസ്ഥാന ഘടകത്തിന്. ഇത് സംഘടനയെ പിന്നെയും പിന്നെയും ക്ഷീണിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഏത് വിധേനയും അധികാരത്തിന്റെ ഭാഗമാകുക എന്നത് മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. ബി എസ് പി തള്ളിക്കളഞ്ഞതിനാല്‍ എസ് പി മാത്രമാണ് ഈ ലക്ഷ്യത്തിലേക്ക് അവരുടെ മുന്നില്‍ ശേഷിക്കുന്ന വഴി.
അധികാരത്തിന്റെ ഭാഗമായാല്‍ പാര്‍ട്ടിയില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ കഴിയും. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അഖിലേഷിനുള്ള അടുപ്പം കൂടുതല്‍ ഗുണം ചെയ്യുമെന്നും സംസ്ഥാന നേതാക്കള്‍ കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here