Connect with us

Articles

എം ടിയോട് ഐക്യപ്പെടുന്നതിലെ ജനപക്ഷ രാഷ്ട്രീയം

Published

|

Last Updated

നോട്ടുവേട്ടക്കിറങ്ങിയ മോദിയുടെ കേരളത്തിലെ അനുയായികള്‍ അതിലെ പരാജയം കൂടുതല്‍കൂടുതല്‍ ബോധ്യം വന്നതിനാലാകാം തങ്ങളുടെ പ്രചാരണത്തിന്റെ കുന്തമുന എം ടി വേട്ടയാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. നവംബര്‍ എട്ടിലെ അപക്വമായ തീരുമാനം കള്ളപ്പണത്തിനും കള്ളനോട്ടിനും ഒരു പ്രഹരവും ഏല്‍പ്പിച്ചില്ല എന്നത് കടുത്ത മോദിയനുകൂലികളല്ലാത്ത എല്ലാവരും ഇന്ന് അംഗീകരിച്ച മട്ടാണ്. ബി ജെ പിയില്‍ തന്നെ പല നേതാക്കളും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് കേള്‍വി. പക്ഷേ മോദിപ്പേടി ബാധ കലശലായുള്ളതിനാല്‍ പലരും മൗനത്തിലേക്ക് ഉള്‍വലിയുന്നു എന്നാണറിയുന്നത്. അതുകൊണ്ടാണിക്കൂട്ടര്‍ ദേശസ്‌നേഹം, ക്യാഷ്‌ലെസ് തുടങ്ങിയ പുതിയ നമ്പറുകളില്‍ കടന്നുപിടിച്ച് കോലാഹലം സൃഷ്ടിക്കുന്നത്. ആ ഗണത്തില്‍ ഇവര്‍ക്ക് വീണുകിട്ടിയ ഒരു പിടിവള്ളിയാണ് എം ടി വാസുദേവന്‍ നായര്‍ എന്ന വ്യഖ്യാതനായ എഴുത്തുകാരന്‍ നോട്ടുവിഷയത്തില്‍ അഭിപ്രായം പറഞ്ഞു എന്നത്.
പൊതുവേ എഴുത്തുകാരുടെ കൂട്ടത്തിലെ മൗനിയായ എം ടി പോലും രൂക്ഷമായ രീതിയില്‍ മൗനം വെടിയാനും ജനങ്ങളുടെ ദുരിതത്തോടൊപ്പം നിന്ന് പ്രതികരിക്കാനും തയാറായത് തന്നെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ ആഴം തന്നെയാണ് വ്യക്തമാക്കുന്നത്. തീര്‍ച്ചയായും വാക്കുകളെയും അക്ഷരങ്ങളെയും കലാവിഷ്‌കാരങ്ങളെയും ഒക്കെ ഭയപ്പെടുക എന്നത് ഫാസിസ്റ്റ് ശീലത്തിന്റെ ഒരു രീതിശാസ്ത്രമാണ്. അതാണിപ്പോള്‍ പരാജയപ്പെട്ട നോട്ടസാധുവാക്കലിന്റെ മറപറ്റി കേരളത്തിലെ ബി ജെ പിക്കാര്‍ അനുവര്‍ത്തിക്കുന്ന കുടിലമായ രാഷ്ട്രീയ തന്ത്രം. എം ടിയോടുള്ള അസഹിഷ്ണുത ഒന്നുകൂടി കടുപ്പിച്ച് എ എന്‍ രാധാകൃഷ്ണന്‍ എന്ന ബി ജെ പി നേതാവ് എം ടി മാപ്പുപറയണമെന്നിടത്തുവരെ എത്തിക്കഴിഞ്ഞു. തന്നെയുമല്ല, കമല്‍ എന്ന ചലച്ചിത്രകാരന്‍ പാകിസ്ഥാനില്‍ പോകണമെന്ന ധാര്‍ഷ്ട്യം കലര്‍ന്ന, തരംതാണ പ്രസ്താവനകളും ഇവരില്‍ നിന്നു പുറത്തുവന്നു കഴിഞ്ഞു.
ഇത് രണ്ടും കേരളത്തിന്റെ മണ്ണില്‍ ഒരു കാലത്തും പ്രായോഗികമാക്കാന്‍ കഴിയില്ലെന്ന് ബി ജെ പിയുടെയും ആര്‍ എസ് എസ്സിന്റെയും ഏത് കൊച്ചുകുട്ടിക്കും അറിയാത്തതല്ല. ഇന്ത്യ എന്ന ഫെഡറല്‍ സംവിധാനമുള്ള ഒരു ജനാധിപത്യ രാജ്യവും അതില്‍ ഒരു സംസ്ഥാനമായി കേരളവും നിലനില്‍ക്കും കാലം നടക്കാത്ത സ്വപ്‌നം എന്നര്‍ഥം. അത്രക്കും മതേതര പുരോഗമന കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രം തന്നെയാണ് കേരളം. അതിന്റെ മാറ്റൊലിയാണ് കേരളത്തില്‍ എല്ലായിടത്തും എം ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കൂടിച്ചേരലുകള്‍ വ്യാപകമായി നടക്കുന്നത്.
എം ടി എന്ന ഒരെഴുത്തുകാരനോടുള്ള ആഭിമുഖ്യ മനോഭാവം മാത്രമല്ല ഇതിനു പിന്നില്‍. കലുഷമായിക്കൊണ്ടിരിക്കുന്ന ആസുര കാലത്തെ പ്രതിരോധിക്കാനും ഫാസിസത്തിലേക്കുള്ള കടന്നുകയറ്റത്തിന് തടയിടാനും മറ്റാരെക്കാളും മുന്നില്‍ നില്‍ക്കേണ്ട ബാധ്യത എഴുത്തുകാരനും കലാകാരനും ഉണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് മലയാളിയുടെ ഈ ഐക്യപ്പെടല്‍. ജ്ഞാനപീഠ പുരസ്‌കാരം വരെ കരസ്ഥമാക്കി മലയാളത്തിന്റെ മഹിമ വാനോളം ഉയര്‍ത്തിയ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ജനത്തിന്റെ പക്ഷത്തു നില്‍ക്കാനുള്ള അവകാശവും ആ കാരണത്താല്‍ അദ്ദേഹത്തെ സംഘടിതമായി തേജോവധം ചെയ്യാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ആത്മാഭിമാനമുള്ള ഓരോ മലയാളിക്കും ബാധ്യതയുമുണ്ട്. അതേ ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്നുള്ളൂ.
അതിനര്‍ഥം എം ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ വിമര്‍ശത്തിനതീതമാണ് എന്നല്ല. വിമര്‍ശത്തിനു വിധേയമാകുന്ന വിഷയങ്ങള്‍ തന്നെയാണ് പ്രധാനം. ടി പി ചന്ദ്രശേഖരനെ കൊന്നതിനെ എം ടി അപലപിച്ചിട്ടില്ല എന്നാണെങ്കില്‍ കൂടിയും ആ വധം ന്യായീകരിക്കപ്പെടാനാകില്ല. എന്നാല്‍ എം ടി അന്ന് അതിനെ ന്യയീകരിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും മലയാളിയുടെ പൊതുമനസ്സ് എം ടിക്കെതിരെ തിരിയുക തന്നെ ചെയ്യുമായിരുന്നു. പ്രഭാവര്‍മയെന്ന കവി ടി പി വധത്തില്‍ സ്വീകരിച്ച നിലപാടിനെ സാംസ്‌കാരിക കേരളം അപലപിച്ചതോര്‍ക്കുക. ടി പി വധത്തില്‍ എം ടി അഭിപ്രായം പറഞ്ഞിട്ടില്ലെങ്കില്‍ തന്നെ അതിലെന്തു തെറ്റ്?
ഇനിയിപ്പോള്‍ നോട്ടസാധുവാക്കല്‍ പ്രശ്‌നത്തില്‍ എം ടി ഒരഭിപ്രായവും പറയാതിരുന്നാലും നമുക്കതില്‍ തെറ്റുകാണേണ്ട കാര്യമില്ല. പക്ഷേ, പറയുന്ന അഭിപ്രായം നേരിന്റെയും നീതിയുടെയും പക്ഷത്തു നിന്നുകൊണ്ടാകണമെന്നു മാത്രം. ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്ന ചില ചോദ്യങ്ങളില്‍ ഒന്നാണ് എം ടിയോട് മാത്രമേ ഐക്യദാര്‍ഢ്യമുള്ളൂവെന്ന സന്ദേഹങ്ങള്‍. കമലിനോട് ബി ജെ പിക്കാര്‍ കാണിച്ച അസഹിഷ്ണുതക്കെതിരെയും കമല്‍സി ചവറക്കു നേരെയും നദിക്കു നേരെയും ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ക്ക് നേരേയും പ്രതിഷേധിക്കാന്‍ എന്തുകൊണ്ട് പല സാംസ്‌കാരിക നായകരും രംഗത്ത് വരുന്നില്ലെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്ന ആരും ഇത്തരം സംഭവങ്ങളെ ന്യായീകരിച്ചു കൂടാ. പക്ഷേ, എം ടി ഉയര്‍ത്തിയ പ്രശ്‌നവും മേല്‍ വിവരിച്ച വിഷയങ്ങളും തമ്മില്‍ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തതയുണ്ട്. പാവപ്പെട്ടവന്റെയും ഇടത്തരക്കാരുടെയും ജീവിതത്തെത്തന്നെ സമൂലമായി ബാധിച്ച നോട്ടസാധുവാക്കല്‍ എന്ന ഒരു ഏകാധിപതിയുടെ തലതിരിഞ്ഞ തീരുമാനത്തെയാണ് എം ടി എതിര്‍ത്തത്. മറ്റേത് ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അത്തരം വിഷയങ്ങളില്‍ പൊതുജനശ്രദ്ധ വേണ്ട രീതിയില്‍ പതിയണമെന്നില്ല. എങ്കില്‍ പോലും അതിനോടും എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തുക തന്നെ വേണം. എന്നാല്‍ എം ടിയെ വേട്ടയാടുന്ന സഘ്പരിവാരങ്ങള്‍ കമല്‍ സി ചവറയുടെയും നദിയുടെയും കാര്യത്തില്‍ പോലീസ് ഭീകരതക്കൊപ്പമാണ് എന്നതും വിരോധാഭാസമാണ്.
ഒരു അഭ്യന്തര അടിയന്തരാവസ്ഥ ഇല്ലാതെതന്നെ എങ്ങനെ പൊതുജനത്തെ നിഷ്‌ക്രിയമാക്കിത്തീര്‍ക്കാം എന്ന പരീക്ഷണത്തിലാണ് ഇപ്പോള്‍ മോദിയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വൈതാളികരും. അതില്‍ അവര്‍ വിജയിച്ച മട്ടാണ്. തീര്‍ച്ചയായും സമ്പൂര്‍ണ ഫാസിസത്തിലേക്ക് മുന്നേറണമെങ്കില്‍ കലകളെയും സംസ്‌കാരത്തെയും പുസ്തകങ്ങളെയും നാടിന്റെ തനതു പൈതൃകങ്ങളെയും ആദ്യം തകര്‍ക്കേണ്ടിവരുമെന്ന് ലോകത്തുള്ള എല്ലാ ഏകാധിപതികള്‍ക്കും ഒരു പോലെ അറിയാം. ഒരു കാലഘട്ടത്തില്‍ ഫാസിസം വേരുപിടിച്ച മുസോളിനിയുടെ ഇറ്റലിയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും അതായിരുന്നു അരങ്ങേറിയിരുന്നത് എന്നത് ചരിത്രം രേഖപ്പെടുത്തിയതാണ്. ആര്‍ എസ് എസും മോദിയും അവരെ പിന്തുണക്കുന്ന ആഗോള ഭീമന്‍ കോര്‍പറേറ്റുകളും വാര്‍പ്പു മാതൃകകളായി കാണുന്നതും അത്തരം മോഡലുകളെത്തന്നെയാണ്.
ലക്ഷക്കണക്കായ പുസ്തകങ്ങള്‍ ഇറ്റലിയിലെയും ജര്‍മനിയിലെയും തെരുവുകളില്‍ കത്തിച്ചുകളഞ്ഞ വംശവെറിയുടെ പ്രചാരകരാകാന്‍ വെമ്പുന്ന അതിന്റെ ഇന്ത്യന്‍ പതിപ്പുകാര്‍ തന്നെയാണ് എംടിയെപ്പോലുള്ളവരെ ലക്ഷ്യം വെക്കുന്നത്. അത് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് നവോത്ഥാനത്തില്‍ നിന്നും ഉയിര്‍കൊണ്ട പ്രബുദ്ധകേരളം താത്കാലിക കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ പോലും മാറ്റിവെച്ച് എം ടി വാസുദേവന്‍ നായര്‍ എന്ന പ്രിയപ്പെട്ട എഴുത്തുകാരനോട് ഇപ്പോള്‍ ഐക്യപ്പെടുന്നത്. ഫാസിസത്തിനെതിരെയുള്ള ജനപക്ഷ രാഷ്ട്രീയത്തിന്റെ ചിന്താപരമായ ഔന്നത്യമാണ് കേരളത്തിന്റെ ചിന്താമണ്ഡലത്തില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ഈ ജാഗ്രത കെടാതെ സൂക്ഷിക്കേണ്ട ഒരു സന്ദേശമായി പ്രചരിപ്പിക്കുക തന്നെവേണം. എം ടി അതിനൊരു നിമിത്തമാകുന്നു എന്നു മാത്രം.