Connect with us

Oman

നജ്മ, ഓള്‍ഡ് എയര്‍പോര്‍ട്ട് ഭാഗങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി

Published

|

Last Updated

ദോഹ: കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം 99 തീരുമാനങ്ങള്‍ കൈക്കൊണ്ടു. അതിവേഗം വികസനം നടക്കുന്ന പ്രദേശങ്ങളിലാണ് ഇവയില്‍ അധിക കെട്ടിടങ്ങളുമുണ്ടായിരുന്നത്.
നജ്മ, ഓള്‍ഡ് അല്‍ ഗാനിം (ഗാനിം അല്‍ അതീഖ്), ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശങ്ങളിലാണ് നടപടി സ്വീകരിക്കപ്പെട്ട അധിക കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളും പുതിയ വികസന പദ്ധതികളും നടക്കുന്ന പ്രദേശങ്ങള്‍ ആയതിനാലാണ് ഇവിടെ അധിക കെട്ടിടങ്ങളും പൊളിച്ചത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് അധിക കെട്ടിടങ്ങളും. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് 78 തീരുമാനങ്ങളും പഴയ കെട്ടിടം അറ്റകുറ്റപ്പണി ചെയ്യുന്നതിന് 21 തീരുമാനങ്ങളുമാണ് കൈക്കൊണ്ടതെന്ന് മന്ത്രാലയത്തിലെ ഡിമോളിഷന്‍ ആന്‍ഡ് മെയ്ന്റനന്‍സ് കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 335 തീരുമാനങ്ങളാണ് കൈക്കൊണ്ടത്. 263 എണ്ണം പൊളിക്കുന്നതിനും 72 എണ്ണം അറ്റകുറ്റപ്പണിയുക്കുമാണ്. പഴയ കെട്ടിടങ്ങള്‍ പൊളിക്കണമോ അറ്റകുറ്റപ്പണി നടത്തണമോയെന്നത് നിരീക്ഷിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും ഓരോ മുനിസിപ്പാലിറ്റിയുടെയും ഉത്തരവാദിത്തമാണ്. ബന്ധപ്പെട്ട കമ്മിറ്റിയിലേക്ക് വിഷയം കൈമാറുന്നതിന് മുമ്പ് അപകട സാധ്യത ഇല്ലാതാക്കാന്‍ നടപടിയെടുക്കുകയും വേണം. സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതാണ് നടപടിക്രമം. കെട്ടിടത്തിന്റെ അവസ്ഥ വിലയിരുത്തിയാണ് പൂര്‍ണമായാണോ ഭാഗികമായാണോ പൊളിക്കേണ്ടതെന്നും അറ്റകുറ്റപ്പണി നടത്തേണ്ടതെന്നും തീരുമാനിക്കുന്നത്. ഇതിന് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളാണ് ആധാരമാക്കുക. തീരുമാനം സംബന്ധിച്ച് കെട്ടിടയുടമയെ മുന്‍കൂട്ടി അറിയിക്കും. ഭരണനടപടിക്രമം അനുസരിച്ച് മുനിസിപ്പാലിറ്റിയാണ് തീരുമാനം കൈക്കൊള്ളുക. കെട്ടിടയുടമക്ക് 15 പ്രവൃത്തിദിവസത്തിനുള്ളില്‍ മന്ത്രിയുടെ മുമ്പാകെ പരാതി സമര്‍പ്പിക്കാനുള്ള അവകാശമുണ്ട്. 15 ദിവസത്തിനകം മന്ത്രി തീരുമാനം അറിയിക്കും. പരാതി സ്വീകരിച്ചാല്‍ മാത്രമെ അറിയിപ്പുണ്ടാകുകയുള്ളൂ. ഉപേക്ഷിച്ചതോ ജീര്‍ണാവസ്ഥയിലുള്ളതോ ആയ കെട്ടിടങ്ങള്‍ പൊതു ആരോഗ്യത്തിനും സുരക്ഷക്കും തടസ്സമായാണ് നിയമപ്രകാരം കണക്കാക്കുന്നത്. നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുക, തീപ്പിടിത്തത്താലോ പ്രകൃതി ദുരന്തങ്ങളാലോ തകരുക, നിര്‍മാണം പൂര്‍ത്തിയാക്കാതെ ആറ് മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്.

Latest