അബുദാബിയില്‍ അഖ്ദര്‍ ട്രാഫിക് കാമ്പയിന് തുടക്കമായി

Posted on: January 10, 2017 4:40 pm | Last updated: January 10, 2017 at 4:24 pm
അഖ്ദര്‍ ട്രാഫിക് ബോധവല്‍കരണ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വിര്‍ച്വല്‍ ഡ്രൈവിംഗ് പരിശോധിക്കുന്നു. സഹിഷ്ണുതാ കാര്യസഹമന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി, യുവജനകാര്യ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ സമീപം

അബുദാബി: സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ച അഖ്ദര്‍ ട്രാഫിക് ബോധവല്‍കരണ കാമ്പയിന്‍ അബുദാബി ശൈഖ് സായിദ് യൂണിവേഴ്‌സിറ്റിയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു.

സുരക്ഷിതമായി എങ്ങനെ വാഹനമോടിക്കാമെന്ന് ബോധവത്കരിക്കുകയാണ് കാമ്പയിന്‍കൊണ്ട് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ ബോധവല്‍കരണം നടത്തുന്നതിനുള്ള ഹൃസ്വചിത്രവും ശൈഖ് സൈഫ് ഉല്‍ഘാടനം ചെയ്തു. ട്രാഫിക് അപകടങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ആഭ്യന്തര വകുപ്പ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി പുതിയ കാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്.
റോഡ് അപകടങ്ങളുടെ എണ്ണം കുറക്കുക, റോഡ് അപകടങ്ങളിലെ മരണനിരക്ക് കുറക്കുക എന്നിവയാണ് ലക്ഷ്യം. പരിപാടിയില്‍ സഹിഷ്ണുതാകാര്യ സഹമന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി, യുവജനകാര്യ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ, ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡോ. നാസര്‍ അല്‍ ലഖ്‌രിബാനി, ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍, ആഭ്യന്തര വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കാമ്പയിന്‍ ഉല്‍ഘാടനത്തോടനുബന്ധിച്ചു ബോധവല്‍കരണത്തിന് വേണ്ടി നടത്തിയ ഫോട്ടോ പ്രദര്‍ശനം ശൈഖ് സൈഫ് നോക്കിക്കണ്ടു. റോഡില്‍ ശ്രദ്ധിക്കേണ്ട ട്രാഫിക് നിയമങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തിലുണ്ടായത്.
അഖ്ദര്‍ ട്രാഫിക് കാമ്പയിന്‍ പ്രധാനമായും വിദ്യാര്‍ഥികളെയാണ് ലക്ഷ്യംവെക്കുന്നത്.