Connect with us

Gulf

സന്ദര്‍ശക ബാഹുല്യം; ആഗോള ഗ്രാമത്തിലേക്ക് ആര്‍ ടി എ കൂടുതല്‍ ബസുകള്‍ ഏര്‍പെടുത്തും

Published

|

Last Updated

ദുബൈ: ആഗോള ഗ്രാമത്തിന്റെ കവാടത്തില്‍ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പെടുത്താന്‍ ഒരുങ്ങുന്നതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. അവധി ദിനങ്ങളില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്കും തിരിച്ചും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടാറുണ്ട്. ഇതിനു പരിഹാരമാകുന്നതിനാണ് പ്രസ്തുത നടപടി എന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഫലമായാണ് ഗ്ലോബല്‍ വില്ലേജിക്കുള്ള പാതകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. റോഡുകളുടെ വിപുലീകരണം നടക്കുന്നുണ്ട്. കൂടുതല്‍ പൊതുഗതാഗത ബസുകള്‍ ഗ്ലോബല്‍ വില്ലേജിലേക്ക് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏര്‍പെടുത്തുമെന്ന് ആര്‍ ടി എ അറിയിച്ചതായി ഗ്ലോബല്‍ വില്ലേജ് സി ഇ ഒ സയിദ് അഹ്മദ് ഹുസൈന്‍ ബിന്‍ ഈസ അറിയിച്ചു.

നിലവില്‍ ആര്‍ ടി എ രണ്ട് ബസുകളാണ് ഗ്ലോബല്‍ വില്ലേജിലേക്ക് സര്‍വീസ് നടത്തുന്നത്. 103,104 എന്നീ നമ്പര്‍ ബസുകളാണ് യൂണിയന്‍ മെട്രോ സ്റ്റേഷന്‍, അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍. പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കിയാല്‍ ഗ്ലോബല്‍ വില്ലേജിലേക്കനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കുറക്കാന്‍ സാധിക്കും. ഈ വര്‍ഷം സദര്‍ശക ബാഹുല്യം കൂടുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. എന്നാല്‍ ആഗോള ഗ്രാമത്തിനു ചുറ്റും ഒരുക്കിയ പാര്‍കിംഗ് സൗകര്യങ്ങള്‍ മതിയാകാതെ വരുന്നുണ്ട്. ഈ വര്‍ഷം ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ച ആദ്യത്തെ രണ്ട് മാസം കൊണ്ട് 23 ലക്ഷം സന്ദര്‍ശകരാണ് ആഗോള ഗ്രാമത്തില്‍ എത്തിയത്. അടുത്ത സീസണില്‍ ഗ്ലോബല്‍ വില്ലേജിനോട് ചേര്‍ന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയും കൂടുതല്‍ വാഹനങ്ങള്‍ ഉള്‍കൊള്ളുന്ന തരത്തില്‍ പാര്‍കിംഗ് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏപ്രില്‍ 8 വരെ ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കും. പ്രവര്‍ത്തിദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ അര്‍ധ രാത്രിവരെയും വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും രാത്രി ഒരു മണിവരെയും പ്രവര്‍ത്തിക്കും. 15 ദിര്‍ഹമാണ് പ്രവേശന ഫീസ്.

 

Latest