മസ്‌കത്തില്‍ വാടക കരാര്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് നഗരസഭ

Posted on: January 10, 2017 3:16 pm | Last updated: January 10, 2017 at 3:17 pm
SHARE

മസ്‌കത്ത്: ഈ വര്‍ഷം വാടക കരാര്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് നഗരസഭ. കെട്ടിട വാടക വര്‍ധന ഒഴിവാക്കാന്‍ നഗരസഭയുടെ തീരുമാനം ഗുണം ചെയ്യും, വാടക കരാര്‍ നിരക്ക് വര്‍ധന സംബന്ധമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇത്തവണ നിരക്ക് വര്‍ധിപ്പിക്കുന്ന തീരുമാനം ഉണ്ടാകില്ലെന്നും നഗരസഭാ കൗണ്‍സിലര്‍ സാലിം മുഹമ്മദ് അല്‍ ഗമ്മാരി പറഞ്ഞു.

വാടക കരാര്‍ നിരക്ക് മൂന്ന് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി മസ്‌കത്ത് നഗരസഭ കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ചിരുന്നു. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു ഇത്.
വാടക കരാര്‍ നടപടികള്‍ക്ക് നിരക്ക് വര്‍ധിച്ചതോടെ ഫഌറ്റുകള്‍ക്ക് വാടക ഉയര്‍ന്നിരുന്നു. ഇത് പലരെയും ചെലവ് കുറഞ്ഞ ഫഌറ്റുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. പുതിയ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും ഇനിയും കരാര്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും എന്നാല്‍, നഗരസഭയുടെ പുതിയ തീരുമാനം ഗുണം ചെയ്യുമെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുള്ളവര്‍ പറഞ്ഞു.
സാമ്പത്തിക സാഹചര്യം കൂടി മോശമായതിനാല്‍ പ്രവാസികള്‍ കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞയക്കുന്നതായും കണ്ടുവരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here