പ്രഥമ ഘട്ടത്തില്‍ 500 ടാക്‌സികള്‍: മീറ്റര്‍ ഘടിപ്പിച്ച ടാക്‌സികള്‍ നിരത്തിലിറങ്ങുന്നു

Posted on: January 10, 2017 3:14 pm | Last updated: January 11, 2017 at 9:27 pm

മസ്‌കത്ത്: മീറ്റര്‍ ഘടിപ്പിച്ച ടാക്‌സികള്‍ നിരത്തിലിറങ്ങുന്നു. മുവാസലാത്ത് ആണ് മീറ്റര്‍ ടാക്‌സികളുമായി രംഗത്തെത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ നിരക്ക് ഏകീകരിച്ച് ടാക്‌സികള്‍ സര്‍വീസ് നടത്തുമെന്ന് മുവാസലാത്ത് ചീഫ് എക്‌സിക്യൂട്ടൂവ് ഓഫീസര്‍ അഹ്മദ് ബിന്‍ അലി അല്‍ ബലൂശി വ്യക്തമാക്കി. 500 കാറുകളാണ് ആദ്യ ഘട്ടത്തില്‍ മീറ്റര്‍ ഘടിപ്പിച്ച് മുവാസലാത്തിന് കീഴില്‍ സര്‍വീസ് നടത്തുക.
എന്നാല്‍, 500 കാറുകള്‍ വിവിധ മേഖലകളിലേക്കായി മൂന്ന് മാസത്തിനകം സര്‍വീസ് ആരംഭിക്കും. മീറ്റര്‍ ഘടിപ്പക്കുന്ന നടപടികളാണ് വര്‍ഷാവസാനത്തോടെ നടക്കുക. 150 എയര്‍പോര്‍ട്ട് ടാക്‌സി, 150 മാള്‍ ടാക്‌സി, 200 ഓണ്‍ കാള്‍ ടാക്‌സി എന്നിവയാണ് മുവാസലാത്ത് പ്രഥമ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.

ടാക്‌സി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ആപ്പ് പുറത്തിറക്കും. കാള്‍ സെന്ററിലേക്ക് നേരിട്ട് വിളിച്ചും ടാക്‌സി സേവനം ലഭ്യമാക്കാനാകും. ടാക്‌സി മേഖലയെ ഏകീകരിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും ഗതാഗത – വാര്‍ത്താ വിനിമയ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണെന്ന് അലി അല്‍ ബലൂശി പറഞ്ഞു.
ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതോടെ രൂപപ്പെടുന്ന തൊഴില്‍ അവസരങ്ങളിലേക്ക് സ്വദേശി തൊഴിലാളികള്‍ക്ക് വേണ്ടി മുവാസലാത്ത് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടര്‍, സൂപ്പര്‍വൈസര്‍ തുടങ്ങിയ പോസ്റ്റുകളിലടക്കം സ്വദേശികളെ നിയമിക്കും. എന്നാല്‍, സ്വദേശി തൊഴിലാളികളുള്ള വിദേശികളുടെ കമ്പനികള്‍ക്കും ടാക്‌സി സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കുമെന്ന് അലി അല്‍ ബലൂശി പറഞ്ഞു.

നിലവില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് റൂവിയിലേക്ക് അഞ്ച് റിയാല്‍ മുതല്‍ 15 റിയാല്‍ വരെ ഈടാക്കുന്ന ടാക്‌സികളുണ്ട്. എന്നാല്‍, നിരക്ക് ഏകീകരിച്ച് ടാക്‌സി മേഖലയെ ക്രമപ്പെടുത്തുമെന്നും അലി അല്‍ ബലൂശി പറഞ്ഞു. ഇതോടൊപ്പം ഡ്രൈവര്‍മാരുടെ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും.

2008 മുതല്‍ ടാക്‌സികളില്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇതിന്റെ കരാര്‍ നല്‍കുകയും ചെയ്തു എന്നാല്‍, സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനി പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പിന്നീട് 2016ലാണ് രണ്ട് കമ്പനികള്‍ മീറ്റര്‍ ടാക്‌സി സംവിധാനത്തിന് മുന്നോട്ട് വന്നത്. മുവാസാത്തും അല്‍ ഇബ്തിക്കാറുമായിരുന്നു ഇത്.