ആര്‍എസ്എസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍

Posted on: January 10, 2017 12:54 pm | Last updated: January 10, 2017 at 6:28 pm

തൃശൂര്‍:ആര്‍എസ്എസിനെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍ എംഎല്‍എ. വന്നുവന്ന് എന്തും വിളിച്ചുപറയാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഇത്രയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കേണ്ടി വന്നത്. ഫേസ് ബുക്ക് പോസ്റ്റില്‍ ഉന്നയിച്ചതും പറഞ്ഞതുമായ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ഒരു രാജ്യത്ത് പലര്‍ക്കും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളുമുണ്ടായിരിക്കാം. എന്നുവച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരും തങ്ങളുടെ കാഴ്ചപ്പാടിലല്ലാത്ത കാര്യങ്ങള്‍ പറയുന്നവരും രാജ്യം വിട്ടുപോകണമെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും മുരളീധരന്‍ ചോദിക്കുന്നു.

ഭരണഘടന തുല്യഅവകാശം കല്‍പ്പിച്ചുതരുന്ന ഇന്ത്യയില്‍ നിന്നും രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യക്കാരോട് പറയാന്‍ ഇവര്‍ക്ക് എന്ത് അവകാശമാണുള്ളത്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയണമെന്നുള്ളതുകൊണ്ടാണ് ഫേസ് ബുക്കില്‍ ആ പോസ്റ്റിട്ടത്. ഇതെക്കുറിച്ച് എന്തായാലും ഫോളോ അപ് പോസ്റ്റും വേണ്ടിവരുമെന്ന് തോന്നുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നുവരേണ്ടതാണ്. എന്തായാലും പോസ്റ്റിന്റെ പേരില്‍ ഇതുവരെയും ഭീഷണിയൊന്നും എവിടെ നിന്നും വന്നിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.