Connect with us

Palakkad

ആദര്‍ശ ധാരയെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം: കാന്തപുരം

Published

|

Last Updated

കൊപ്പം: നൂതനാശയക്കാരെയും പുതിയ ചിന്താഗതിക്കാരെയും തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക വഴി പാരമ്പര്യ വിശ്വാസ ആദര്‍ശ ധാരയെ തകര്‍ത്തുകളയാമെന്ന ചില വലിയവരുടെ ധാരണ വ്യാമോഹം മാത്രമാണെന്നു സുന്നി ജംഇയ്യത്തുല്‍ ഉലമാ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. തെക്കുമ്മല അന്‍സാര്‍ നഗര്‍ മര്‍കസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം വിശുദ്ധിയുടെയും ശാന്തിയുടെയും മതമാണ്. വാളും പരിചയുമെടുത്തു ആക്രണത്തിലൂടെ ഉണ്ടാക്കിയതല്ല.

ശാന്തിയുടെയും സമാധാനത്തിന്റെയും സത്യസന്ദേശം ലോകത്തിനു കൈമാറി മാതൃകാജീവിതം നയിച്ചവരാണു ഇസ്‌ലാം പ്രബോധകര്‍. എല്ലാ മനുഷ്യരെയും ഒന്നായി കാണാനുള്ള സാഹോദര്യവും സഹിഷ്ണുതയുമാണു ഇസ്‌ലാമിന്റെ മുഖമുദ്ര. ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരിതിരിവു സൃഷ്ടിക്കുന്നത് ആരായാലും പൊറുപ്പിച്ചുകൂടാ. വിശ്വാസ വിശുദ്ധിയില്‍ ആശയവൈകല്യത്തിന്റെ വിഷവിത്തുപാകി ലോകത്ത് വിഭാഗീയതയും വര്‍ഗീയതയും ഭീകരതയും വളര്‍ത്തിയ വഹാബികളെ പിന്തുണക്കാനുള്ള ചിലരുടെ ശ്രമം രാജ്യത്ത് അരാജകത്വം വളര്‍ത്താനേ ഉപകരിക്കൂവെന്നു കാന്തപുരം ചൂണ്ടിക്കാട്ടി. മര്‍കസ് പ്രിന്‍സിപ്പല്‍ സയ്യിദ് അബ്ദുര്‍റഊഫ് അല്‍ ബുഖാരി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത മുശാവറ അംഗം മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ താഴപ്ര പ്രാര്‍ഥന നടത്തി. സയ്യിദ് അബ്ദുര്‍റഹ്മമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കി.

എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, കെ സി അബൂക്കര്‍ മുസ്‌ലിയാര്‍, ഉമര്‍ മദനി വിളയൂര്‍, സുലൈമാന്‍ ചുണ്ടമ്പറ്റ, അലി അന്‍സാരി, മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ഹാഫിസ് ഉസ്മാന്‍ വിളയൂര്‍, മുഹ്മമദ്കുട്ടി അന്‍വരി, അബൂബക്കര്‍ ബാഖവി, മൊയ്തീന്‍കുട്ടി അല്‍ ഹസനി, സി. അലിയാര്‍ അഹ്‌സനി, സൈതലവി ഫൈസി, ശഫീഖ് സഖാഫി, ഇസ്മയില്‍ ഹാജി പൈലിപ്പുറം, ആലിക്കുട്ടി മുസ്ലിയാര്‍, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, യു അജയകുമാര്‍, കെ സി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മര്‍കസ് സെക്രട്ടറി ബഷീര്‍ റഹ്മാനി സ്വാഗതവും അബ്ദുല്‍ഹഖീം അഹ്‌സനി നന്ദിയും പറഞ്ഞു.

 

Latest