Connect with us

Palakkad

സൈ്വപിംഗ് യന്ത്രങ്ങള്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ സ്തംഭിച്ചു

Published

|

Last Updated

പാലക്കാട്: സെര്‍വര്‍ തകരാര്‍ മൂലം ജില്ലയിലെ പി ഒ എസ് (പോയിന്റ് ഓഫ് സെയില്‍) സൈ്വപിംഗ് യന്ത്രങ്ങള്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ സ്തംഭിച്ചു. ഒട്ടേറെ കച്ചവടക്കാര്‍ക്ക് പണം നഷ്ടമായതായി പരാതി. ജില്ലയില്‍ ഏതാണ്ട് 20,000 കച്ചവടക്കാര്‍ സൈ്വപിംഗ് യന്ത്രം ഉപയോഗിക്കുന്നുണ്ട്.

നോട്ട് അസാധുവാക്കിയശേഷമുള്ള രണ്ടു മാസത്തിനിടെ ജില്ലയിലെ പൊതുമേഖലാ, സ്വകാര്യ ബേങ്കുകളടക്കം 9,350 സൈ്വപിങ് യന്ത്രങ്ങളാണു കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്തത്. എന്നാല്‍ സെര്‍വര്‍ തകരാറിലായതോടെ യന്ത്രം വഴിയുള്ള പണമിടപാടുകള്‍ ഏതാണ്ട് നിലച്ചു.

യന്ത്രങ്ങളുടെ ഉപയോഗം വര്‍ധിച്ചതിനനുസരിച്ചുള്ള സെര്‍വര്‍ ക്ഷമത വര്‍ധിപ്പിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. അയ്യായിരത്തില്‍ താഴെ യന്ത്രങ്ങള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സെര്‍വര്‍ ക്ഷമത മാത്രമാണ് ഇപ്പോള്‍ ജില്ലയിലുള്ളതെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
സ്വകാര്യ ഏജന്‍സികളാണു സൈ്വപിങ് യന്ത്രത്തിന്റെ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. സെര്‍വര്‍ ക്ഷമത ഒരുക്കുന്നതും ഇവര്‍ തന്നെ. യന്ത്രം വഴി സൈ്വപ് ചെയ്താല്‍ നെറ്റ് വര്‍ക്ക് തകരാറിലാണെന്ന സന്ദേശമാണ് ലഭിക്കുക. ചില യന്ത്രങ്ങളില്‍ സൈ്വപ് ചെയ്താല്‍ കൈമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന സന്ദേശം ലഭിക്കും. എന്നാല്‍ അക്കൗണ്ടുകളില്‍ പണമെത്തിയിട്ടുണ്ടാകില്ല. നൂറിലേറെ കച്ചവടക്കാരാണ് പണം നഷ്ടമായതായി കാണിച്ച് ബാങ്ക് അധികൃതരെ സമീപിച്ചത്. എ ടി എമ്മുകള്‍ വഴിയോ, ഇ ട്രാന്‍സ്ഫര്‍ മുഖേനയോ നടത്തുന്ന ഇടപാടുകളില്‍ പണം നഷ്ടമായാല്‍ ഏഴുദിവസത്തിനകം ബേങ്കുകളില്‍ നിന്നു പണം തിരികെ നല്‍കണമെന്നാണ് നിയമം. പക്ഷെ പി ഒ എസ് യന്ത്രങ്ങളുടെ കാര്യത്തില്‍ ഈ നിയമമില്ല. നഷ്ടമായ പണം തിരികെ ലഭിക്കാന്‍ എവിടെ സമീപിക്കണമെന്ന ആശയകുഴപ്പത്തിലാണ് ഇടപാടുകാര്‍.

 

Latest