ഉന്നത സംഘം കരിപ്പൂരിലെത്തി: ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കും

Posted on: January 10, 2017 12:07 pm | Last updated: January 10, 2017 at 12:07 pm

കൊണ്ടോട്ടി: അധികൃതരുടെ അവഗണനയാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തെ ഒടുവില്‍ കരകയറ്റണമെന്ന് ബോധ്യമായതോടെ കരിപ്പൂരിലേക്ക് കൂടുതല്‍ സര്‍വീസും ഇടത്തരം വിമാനങ്ങളും അനുവദിക്കുന്നതിന് അധികൃതര്‍ തയാറാകുന്നു. ഇന്നലെ സിവില്‍ ഏവിയേഷനിലെയും എയര്‍പോര്‍ട്ട് അതോറിറ്റിയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരിപ്പൂരിലെത്തി റണ്‍വേയുടെ ബലമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി റണ്‍വേ റീ കാര്‍പെറ്റിംഗിനായി വിമാനത്താവളം പകല്‍ അടച്ചിട്ടിരിക്കയാണ്. ഇതിന് മൂന്ന് മാസം മുമ്പു തന്നെ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതിയും നിഷേധിച്ചിരുന്നു. പ്രതിദിനം അഞ്ച് വലിയ വിമാനങ്ങള്‍ നിലച്ചതോടെ ഈ വിമാനങ്ങളുടെ കരിപ്പൂരിലേക്കും തിരിച്ച് ഗള്‍ഫ് സെക്ടറിലേക്കുമുള്ള പത്ത് സര്‍വീസുകളാണ് പ്രതി ദിനം മുടങ്ങിയത്. ഇതോടെ ദിനം പ്രതി രണ്ടായിരത്തിലധികം യാത്രക്കാരുടെ കുറവ് കരിപ്പൂരിലുണ്ടായി. പഴം പച്ചക്കറി, കാര്‍ഗോ കയറ്റുമതിയും ഗണ്യമായി കുറഞ്ഞു.
കരിപ്പൂരില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം സന്നധമായി. കരിപ്പൂരില്‍ ഇപ്പോള്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുന്ന റണ്‍വേ റീ കാര്‍പെറ്റിംഗ് പ്രവൃത്തികള്‍ ഉന്നത സംഘം പരിശോധിച്ചു. റണ്‍വേയുടെ ബലത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ സംഘം കേന്ദ്ര വവ്യോമയാന വകുപ്പ്, സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
ടെര്‍മിനല്‍, ഏപണ്‍, റണ്‍വേയുടെ ബലം എന്നിവയില്‍ സംതൃപ്തി രേഖപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് വേണ്ട നീളം റണ്‍വേക്ക് ഇല്ലെന്ന സാങ്കേതിക തടസംമൂലം വലിയ വിമാനങ്ങള്‍ തിരിച്ച് വരാനുള്ള സാധ്യത തീരെയില്ലാത്തതിനാല്‍ ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് സംഘം റിപ്പോര്‍ട്ട് നല്‍കും. അനുമതി ലഭ്യമാകുന്നതോടെ നിലച്ചിരുന്ന സഊദി സെക്ടറിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കാനാകും.

ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതോട് കൂടി കരിപ്പൂരിന്റെ നഷ്ട പ്രതാപം ഏറെക്കുറെ വീണ്ടെടുക്കാനാകും. ഡി ജി സി എ ദക്ഷിണ മേഖല ഡയറക് ടര്‍ ആര്‍ ടി ബൊകാര്‍ഡെ, എയര്‍ പോര്‍ട്ട് അതോറിറ്റി ഡല്‍ഹി ജനറല്‍ മാനേജര്‍ രാകേഷ് സിംഗ്, സീനിയര്‍ മാനേജര്‍ വിനോദ് ജത് ലി എന്നിവരാണ് കരിപ്പൂരില്‍ പരിശോധനക്കെത്തിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ജനാര്‍ദനുമായി സംഘം ചര്‍ച്ച നടത്തി.